അജയ് ദേവ്‍ഗണിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ പേര് മാറ്റി.

അജയ് ദേവ്‍ഗണിന്റെ (Ajay Devgn) സംവിധാനത്തിലുള്ള ചിത്രം എന്ന നിലയില്‍ ചര്‍ച്ചകളില്‍ നിറഞ്ഞതാണ് 'മേയ്‍ ഡേ' (May Day). അമിതാഭ് ബച്ചൻ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നതും കൗതുകമായി. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രത്തില്‍ നായകനായി എത്തുന്നതും. 'മേയ് ഡേ' എന്ന ചിത്രത്തിന്റെ പേര് മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

'റണ്‍വേ 34' എന്നാണ് 'മേയ്‍ ഡേ'യുടെ പേര് മാറ്റിയിരിക്കുന്നത്. അടുത്ത വര്‍ഷം ഏപ്രില്‍ 29ന് 'മേയ് ഡേ' പ്രദര്‍ശനത്തിന് എത്തും. അജയ് ദേവ്‍ഗണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. 

View post on Instagram

അജയ് ദേവ്‍ഗണ്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അജയ് ദേവ്‍ഗണ്‍ ഫിലിംസിന്റെ ബാനറില്‍ ആണ് നിര്‍മാണം. ഇതാദ്യമായിട്ടല്ല അജയ് ദേവ്‍ഗണ്‍ സംവിധായകന്റെ വേഷത്തില്‍ എത്തുന്നത്. 'യു മേ ഔര്‍ ഹം', 'ശിവായ്' എന്നീ ചിത്രങ്ങള്‍ ഇതിനു മുമ്പ് അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്‍തിട്ടുണ്ട്.

'റണ്‍വേ 34' എന്ന ചിത്രത്തില്‍ അങ്കിറ ധര്‍, ബോമൻ ഇറാനി, അജേയ് നഗര്‍, അകൻക്ഷ സിംഗ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. അജയ് ദേവ്‍ഗണ്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അസീം ബജാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 'മൈദാൻ' എന്ന ചിത്രമാണ് അജയ് ദേവ്‍ഗണിന്റെതായി റിലീസ് ചെയ്യാനുള്ളത്.