ഈ വെള്ളിയാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

തകര്‍ച്ചയുടെ കാലം പൂര്‍ണ്ണമായും മറികടക്കാനാവാത്ത അവസ്ഥയില്‍ തുടരുകയാണ് ഹിന്ദി സിനിമാലോകം. ഷാരൂഖ് ഖാന്‍ ഒഴിച്ചാല്‍ മുന്‍നിര താരങ്ങള്‍ക്കൊന്നും കാര്യമായ വിജയങ്ങള്‍ നേടാന്‍ സാധിക്കുന്നില്ല. അക്ഷയ് കുമാറിന്‍റെ പേരാണ് ബോളിവുഡിന്‍റെ പരാജയകാലത്ത് ഏറ്റവുമധികം ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാല്‍ മറ്റ് താരങ്ങളുടെ അവസ്ഥയും മെച്ചമല്ല. ഇപ്പോഴിതാ അജയ് ദേവ്ഗണിന്‍റെ പുതിയ ചിത്രവും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്.

നീരജ് പാണ്ഡേയുടെ രചനയിലും സംവിധാനത്തിലും അജയ് ദേവ്ഗണ്‍ നായകനായ ഔറോണ്‍ മേം കഹാം ധും ഥാ എന്ന ചിത്രം ഈ വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. റൊമാന്‍റിക് ഡ്രാമ ത്രില്ലറില്‍ തബു ആണ് നായിക. വലിയ രീതിയില്‍ നെഗറ്റീവ് റിവ്യൂസ് ഒന്നും ഉയര്‍ന്നില്ലെങ്കിലും ചിത്രത്തെ പ്രേക്ഷകര്‍ അമ്പേ തഴഞ്ഞു. ഫലം 100 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം നിര്‍മ്മാതാക്കള്‍ക്ക് വന്‍ നഷ്ടം ഉണ്ടാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഫ്രൈഡേ ഫിലിംവര്‍ക്സ്, എന്‍എച്ച് സ്റ്റുഡിയോസ്, പനോരമ സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് നേടിയത് വെറും 1.85 കോടി (നെറ്റ് കളക്ഷന്‍) മാത്രമായിരുന്നു.

ശനി, ഞായര്‍ ദിനങ്ങളില്‍ അല്‍പം മെച്ചപ്പെട്ടുവെന്നതൊഴിച്ചാല്‍ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് ഭാവിയെ മാറ്റിമറിക്കാനുള്ള കളക്ഷനൊന്നും ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ആറ് ദിനങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 9.04 കോടി മാത്രമാണ്. വാരാന്ത്യ ദിനങ്ങളില്‍പ്പോലും അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കാത്തതിനാല്‍ ചിത്രം നിര്‍മ്മാതാക്കള്‍ക്ക് നഷ്ടക്കച്ചവടമാവുമെന്ന് ഉറപ്പാണ്. നാലാം ദിനമായ തിങ്കളാഴ്ച 4 ശതമാനം ഒക്കുപ്പന്‍സി പോലും ഇല്ലാതിരുന്നതിനാല്‍ ചിത്രത്തിന്‍റെ 70 ശതമാനം ഷോകളും തിയറ്ററുകള്‍ റദ്ദാക്കിയിരുന്നുവെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ചിത്രത്തിലെ താരങ്ങള്‍ വാങ്ങിയ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങളില്‍ വരുന്നുണ്ട്. തന്‍റെ അവസാന ചിത്രം മൈദാനേക്കാള്‍ 5 കോടി കുറച്ചാണ് അജയ് ദേവ്ഗണ്‍ പ്രതിഫലം വാങ്ങിയത്. എങ്കിലും അത് 25 കോടി വരും. നായികയെ അവതരിപ്പിച്ച തബു വാങ്ങിയത് 3 കോടിയുമാണ്. അജയ് ദേവ്ഗണിന്‍റെ അവസാന ചിത്രം മൈദാന്‍ മികച്ച പ്രേക്ഷകാഭിപ്രായം സ്വന്തമാക്കിയിരുന്നെങ്കിലും ബോക്സ് ഓഫീസില്‍ വിജയം നേടിയില്ല.

ALSO READ : 'സിനിമയുടെ വെള്ളിയാഴ്ചത്തെ കളക്ഷന്‍ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക്'; 'പഞ്ചായത്ത് ജെട്ടി' ടീം പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം