ഉണ്ണി മുകുന്ദൻ ചെയ്‍ത ഒരു രംഗം ട്രോള്‍ ആയതില്‍ പ്രതികരണവുമായി അജയ് വാസുദേവ്.

അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‍തതാണ് 'മാസ്റ്റര്‍പീസ്'. അതില്‍ ഉണ്ണി മുകുന്ദൻ അഭിനയിച്ച രംഗത്തിന് എതിരെ ട്രോളുകള്‍ വന്നിരുന്നു. ആരാണ് പ്രതി എന്ന് ഒരു രംഗത്തില്‍ ചര്‍ച്ച നടത്തുന്നതാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളായത്. അജയ് വാസുദേവ് ട്രോളില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍.

ഉണ്ണി മുകുന്ദനും കലാഭവൻ ഷാജോണും ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥരായിട്ടാണ് വേഷമിട്ടത്. തങ്ങള്‍ നടത്തിയ കൊലപാതകത്തിലെ പ്രതി ആരാണ് എന്ന് ഉണ്ണി മുകുന്ദനും കലാഭവൻ ഷാജോണും മാത്രമുള്ള രംഗത്തില്‍ ഇരുവരും ചര്‍ച്ച നടത്തുന്നുണ്ട്. തങ്ങള്‍ക്ക് പറ്റിയ അബദ്ധമാണ് ആ രംഗമെന്ന് അജയ് വാസുദേവ് തുറന്നുപറഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ ഉള്ള രംഗങ്ങള്‍ വരുമ്പോള്‍ വലിയ ശ്രദ്ധ ചെലുത്താറുണ്ടെന്നും ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ അജയ് വാസുദേവ് പറഞ്ഞ്ഞു.

ഉണ്ണി മുകുന്ദനാണ് വില്ലൻ എന്ന് ആദ്യം പ്രേക്ഷകര്‍ക്ക് മനസിലാകരുത് എന്ന് കരുതിയാണ് ആ സീൻ ഉള്‍പ്പെടുത്തിയത്. പക്ഷേ അവിടെ അബദ്ധം പറ്റി. ഉണ്ണിയും ഷാജോണും സംസാരിക്കുന്ന ആ രംഗത്ത് രണ്ട് പൊലീസ് ഓഫീസേഴ്‍സിനെയും ഉള്‍പ്പെടുത്തണമായിരുന്നു. എന്തായാലും അതൊരു പാഠമായി ഞങ്ങള്‍ക്ക് എന്നും അജയ് വാസുദേവ് പറഞ്ഞു.

അജയ് വാസുദേവിന്റേതായി 'പകലും പാതിരാവും' ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. കുഞ്ചാക്കോ ബോബനും രജിഷ വിജയനുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം. നിഷാദ് കോയ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് റിയാസ് കെ ബദര്‍, സംഗീതം സ്റ്റീഫന്‍ ദേവസ്സി, വരികള്‍ സേജ്ഷ് ഹരി, വസ്ത്രാലങ്കാരം അയേഷ സഫീര്‍ സേഠ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനേഷ് ബാലകൃഷ്‍ണന്‍, പശ്ചാത്തലസംഗീതം കേദാര്‍, ആക്ഷന്‍ ഡയറക്ടര്‍ പ്രഭു, മേക്കപ്പ് ജയന്‍ പൂങ്കുന്നം, സൗണ്ട് മിക്സിംഗ് അജിത്ത് എ ജോര്‍ജ്, നൃത്തസംവിധാനം കലാ മാസ്റ്റര്‍, സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി, പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍ എം, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോസഫ് നെല്ലിക്കല്‍ എന്നിവരുമാണ്.

Read More: 'ഭീദു'മായി രാജ്‍കുമാര്‍ റാവു, ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്