അപ്രതീക്ഷിതമായാണ് സിനിമയിൽ അഭിനയിക്കുവാനുള്ള അവസരം ലഭിച്ചതെന്നും സിനിമയുടെ പൂജയ്ക്കു ശേഷം തന്റെ മുഖത്തിന് നേരെയാണ് ആദ്യം ക്യാമറ വെച്ചതെന്നും അജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു.
മികച്ച പ്രതികരണങ്ങൾ നേടി ആമസോൺ പ്രൈമിൽ സ്ക്രീനിംഗ് തുടങ്ങുകയാണ് ദൃശ്യം 2. ചിത്രത്തിലെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് ജോസ്. അജിത് കൂത്താട്ടുകുളം എന്ന മിമിക്രി ആർട്ടിസ്റ്റാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. അളിയനെ കൊലപ്പെടുത്തി ജയിലിൽ പോകുന്ന ജോസ് എന്ന കഥാപാത്രം സിനിമയിൽ നിർണ്ണായകമായ വഴിത്തിരിവ് ഉണ്ടാക്കിയിരുന്നു. അപ്രതീക്ഷിതമായാണ് സിനിമയിൽ അഭിനയിക്കുവാനുള്ള അവസരം ലഭിച്ചതെന്നും സിനിമയുടെ പൂജയ്ക്കു ശേഷം തന്റെ മുഖത്തിന് നേരെയാണ് ആദ്യം ക്യാമറ വെച്ചതെന്നും അജിത് ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. കഥയുടെ വഴി തിരിവ് നിർണയിക്കുന്നത് ജോസിലൂടെയാണ്.
അജിത്തിന്റെ വാക്കുകൾ
ഒരു ദിവസം ജീത്തു സാർ വിളിച്ചിട്ടു പറഞ്ഞു ദൃശ്യം ടൂവിൽ എനിക്കൊരു വേഷമുണ്ടെന്ന്. എനിക്കത് തീരെ വിശ്വസിക്കാനായില്ല. എന്റെ വീട് കൂത്താട്ടുകുളത്താണെന്ന് പറഞ്ഞപ്പോൾ ജീത്തു സാറും കൂത്താട്ടുകുളത്താണെന്ന് പറഞ്ഞു. സിനിമയുടെ പൂജ കഴിഞ്ഞു ആദ്യം ക്യാമറ വെച്ചത് എന്റെ മുഖത്തിന് നേർക്കാണ്. സിനിമ പാക്കപ്പ് ആകുന്നത്തിനു മുൻപും എന്റെ മുഖത്തായിരുന്നു അവസാനം ക്യാമറ വെച്ചത്. പടം എങ്ങാനും പൊട്ടിയാൽ കൂത്താട്ടുകുളത്ത് വന്ന് എന്നെ തല്ലുമെന്ന് ജീത്തു സാർ പറയുമായിരുന്നു. ലാലേട്ടൻ എന്നെ മോനെ എന്നായിരുന്നു വിളിച്ചിരുന്നത്. സിനിമ തുടങ്ങുന്നതിനു മുൻപ് എറണാകുളത്ത് വെച്ചായിരുന്നു കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. അതിന് ശേഷം നമ്മളെയാരെയും പുറത്തിറങ്ങാൻ സമ്മതിച്ചില്ല. അക്കാര്യത്തിൽ ഭയങ്കര സ്ട്രിക്ട് ആയിരുന്നു ജീത്തു സാർ. സിനിമ ആമസോൺ പ്രൈമിൽ നിന്നും എങ്ങനെ ഡൗൺലോഡ് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ സിനിമ കാണാൻ എന്താണ് മാർഗമെന്ന് ചോദിച്ചുകൊണ്ട് കുറേപ്പേർ എന്നെ വിളിക്കാറുണ്ട്. സിനിമ കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറയുന്നത്.
