അജിത്തിന്റെ സ്വപ്‍നങ്ങളാണ് ചിത്രത്തിന്റെ പരാജയത്തെ തുടര്‍ന്ന് നടക്കാതിരിക്കുന്നത്.

അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി. ഒക്ടോബറില്‍ അജിത് ചിത്രം റിലീസാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ചിത്രം ഉടനെത്താത്ത ഒരു സാഹചര്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ 2 സിനിമയുടെ പരാജയമാണ് കാരണം എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യൻ 2വില്‍ നായകൻ കമല്‍ഹാസനായിട്ടും ചിത്രം വൻ നഷ്‍ടമായിരുന്നു. ഏതാണ് 250 കോടിയായിരുന്നു ബജറ്റ്. എന്നാല്‍ 151 കോടിയോളമാണ് ആഗോള കളക്ഷൻ എന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണം ലൈക്ക പ്രൊഡക്ഷൻസ് ആയിരുന്നു. അതേ ലൈക്ക പ്രൊഡക്ഷൻസാണ് അജിത്ത് ചിത്രത്തിന്റെയും നിര്‍മാണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനിക്ക്. അതിനാല്‍ അജിത്ത് ചിത്രത്തിന്റെ റീലീസ് ഉടൻ ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. സംവിധാനം എച്ച് വിനോദായിരുന്നു നിര്‍വഹിച്ചത്. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രധാന പ്രമേയം.

വിഡാ മുയര്‍ച്ചി വൻ ഹിറ്റാകുമെന്നാണ് സിനിമയുടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. വിഡാ മുയര്‍ച്ചി പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷത്തിലധികം ആയി. അസെര്‍ബെയ്‍ജാനില്‍ വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണ വാര്‍ത്തകള്‍ നിരന്തരം ചര്‍ച്ചയായി. എന്നാല്‍ പലപ്പോഴും ചിത്രീകരണം തടസ്സപ്പെട്ടു. ചിത്രീകരണത്തിനിടെ വിഡാ മുയര്‍ച്ചിയുടെ ഒരാള്‍ മരിക്കുകയും ചെയ്‍തു. കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മരിച്ചത്. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. ഒടുവില്‍ ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ ചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാക്കിയെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും റിലീസ് വൈകുമെന്നത് താരത്തിന്റെ ആരാധകരെ നിരാശരാക്കുന്നതാണ്.

Read More: മഞ്ജു വാര്യരുടെയും ഫഹദിന്റെയും സ്വാധീനം എത്രത്തോളം? വേട്ടയ്യൻ കേരളത്തിൽ നേടിയ തുക, കളക്ഷൻ നിർണായക സംഖ്യയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക