Asianet News MalayalamAsianet News Malayalam

'അടുത്ത പ്രസംഗത്തിനായി കാത്തിരിക്കുന്നു'; വിജയ്‍യെ പിന്തുണച്ച് അജു വര്‍ഗീസ്

പുതിയ സിനിമയായ മാസ്റ്ററിന്‍റെ ഓഡിയോ ലോഞ്ചിലെ വിജയ്‍യുടെ പ്രസംഗത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് അജു ഫേസ്ബുക്കില്‍ കുറിച്ചു

Aju Varghese extends his support to actor vijay
Author
Thiruvananthapuram, First Published Feb 7, 2020, 2:56 PM IST

തിരുവനന്തപുരം: തമിഴ് നടന്‍ വിജയ്‍യുടെ അടുത്ത പ്രസംഗത്തിനായി കാത്തിരിക്കുകയാണെന്ന് നടന്‍ അജു വര്‍ഗീസ്. നികുതി വെട്ടിപ്പ് നടത്തിയെന്നുള്ള ആരോപണങ്ങളെ തുടര്‍ന്ന് ആദായനികുതി വകുപ്പ് മുപ്പത് മണിക്കൂര്‍ ചോദ്യം ചെയ്ത വിജയ്‍ക്ക് പിന്തുണയുമായാണ് അജു രംഗത്ത് വന്നിരിക്കുന്നത്. പുതിയ സിനിമയായ മാസ്റ്ററിന്‍റെ ഓഡിയോ ലോഞ്ചിലെ വിജയ്‍യുടെ പ്രസംഗത്തിനായി താന്‍ കാത്തിരിക്കുകയാണെന്ന് അജു ഫേസ്ബുക്കില്‍ കുറിച്ചു.

വിജയ് ചിത്രങ്ങളുടെ രാഷ്ട്രീയ അഭിപ്രായങ്ങളാണ് ആദായനികുതി വകുപ്പിനെ ഉപയോഗിച്ചുള്ള കസ്റ്റഡിക്ക് പിന്നിലെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജിഎസ്ടി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ വിജയ് കഥാപാത്രങ്ങള്‍ സിനിമകളില്‍ വിമര്‍ശിച്ചിട്ടുണ്ട്. കസ്റ്റഡിക്ക് ശേഷം സിനിമ മേഖലയില്‍ നിന്നും വലിയ പിന്തുണയാണ് വിജയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

30 മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിജയ്‍യുടെ വീട്ടില്‍ നിന്നും മടങ്ങിയത്. സ്വത്ത് വിവരങ്ങളിൽ ക്രമക്കേടുണ്ടെന്ന് സംശയിക്കുന്ന ചില രേഖകൾ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഈ രേഖകൾ വിശദമായി വിലയിരുത്തിയ ശേഷമാകും ഏതെങ്കിലും രീതിയിലുള്ള ക്രമക്കേടുകളുണ്ടെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകുക. ചോദ്യംചെയ്യല്‍ അവസാനിച്ചെങ്കിലും  ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് വിജയ് വ്യക്തമാക്കി.

മാധ്യമങ്ങളെ കാണില്ലെന്നും താരം അറിയിച്ചു. വിജയ്ക്കൊപ്പം ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാഗസ്ഥർ ചോദ്യം ചെയ്തിരുന്നു. വിജയ്‍യുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളും ഭൂമിയിടപാടുകളും സംബന്ധിച്ചുള്ള രേഖകളും പരിശോധിച്ചതായാണ് വിവരം. എട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കും ചോദ്യം ചെയ്യലിനുമായി വിജയിയുടെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിലുണ്ടായിരുന്നതെന്നാണ് വിവരം.

നടൻ വിജയ്‍യുടെ വീട്ടിൽ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ്  നേരത്തെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. അതേസമയം, 'ബിഗിൽ' എന്ന സിനിമയുടെ നിർമാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്‍റെ ഉടമ അൻപുച്ചെഴിയന്‍റെ മധുരൈയിലെയും ചെന്നൈയിലെയും വീട്ടിൽ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 38 ഇടങ്ങളിലാണ് റെയ്‍ഡ് നടന്നതെന്നും ആദായനികുതി വകുപ്പിന്‍റെ വിശദീകരണം. 

Follow Us:
Download App:
  • android
  • ios