അജു വര്‍ഗീസ് നായകനാവുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രം വരുന്നു. 'കമല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ത്രില്ലറാണെന്ന് അനൗണ്‍സ്‌മെന്റ് പോസ്റ്ററിനൊപ്പം സംവിധായകന്‍ അറിയിച്ചു. ഡ്രീംസ് ആന്റ് ബിയോണ്ട്‌സിന്റെ ബാനറിലാണ് നിര്‍മ്മാണം. 'പ്രേതം 2'ന് ശേഷമെത്തുന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രമാണിത്.

തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് നായകവേഷത്തില്‍ ആരെ അഭിനയിപ്പിക്കണമെന്ന് ആലോചിച്ചതെന്നും നിലവിലെ എല്ലാ നായക നടന്മാരെക്കുറിച്ചും ആലോചിച്ചെന്നും രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'സാധാരണവും അതേസമയം വിഭിന്ന സ്വഭാവവുമുള്ള ഒരു കഥാപാത്രമാണ് ഇത്. നിലവിലെ നായകന്മാരില്‍ ആരെയും ആ കഥാപാത്രമായി സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ഈ സിനിമ മാറ്റിവച്ച്, മറ്റ് കഥകളിലേക്ക് പോവുക സങ്കടകരമായിരുന്നു. ഒരു ദിവസം പൊടുന്നനെ അജു വര്‍ഗീസ് എന്റെ മനസ്സിലേക്ക് വരുകയായിരുന്നു. ഇത് അജുവിനുവേണ്ടി എഴുതപ്പെട്ട തിരക്കഥയാണെന്നും എനിക്ക് മനസിലായി', രഞ്ജിത്ത് ശങ്കര്‍ കുറിയ്ക്കുന്നു.

'ഒരു മനോഹരമായ പസില്‍, 36 മണിക്കൂറുകള്‍' എന്നാണ് അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ചിത്രത്തിന്റെ വിശേഷണമായി നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ തീയേറ്ററുകളിലുള്ള 'ശുഭരാത്രി'യിലും 'മാര്‍ക്കോണി മത്തായി'യിലുമൊക്കെ അജുവിന് വേഷമുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ'യാണ് അജു വര്‍ഗീസിന്റെ പുറത്തുവരാനിരിക്കുന്ന ഒരു പ്രധാന ചിത്രം.