സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായ മലയാള സിനിമാതാരങ്ങളില്‍ പ്രധാനിയാണ് അജു വര്‍ഗീസ്. അവതരിപ്പിക്കുന്ന ഭൂരിഭാഗം കഥാപാത്രങ്ങളെയുംപോലെ അജുവിന്‍റെ പോസ്റ്റുകളിലും പലപ്പോഴും തമാശയുണ്ടാവാറുണ്ട്. തന്നെക്കുറിച്ചുള്ള ട്രോളുകളും ഫേസ്ബുക്കിലൂടെ അജു ഷെയര്‍ ചെയ്യാറുണ്ട്. ഒപ്പം പുതിയ സിനിമകളുടെ വിവരങ്ങളും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അജു വര്‍ഗീസ് ഷെയര്‍ ചെയ്‍ത തന്‍റെ പുതിയ കഥാപാത്രത്തിന്‍റെ ഗെറ്റപ്പിനെക്കുറിച്ചാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

തൂവെള്ള ഖദര്‍ ഷര്‍ട്ടും വളര്‍ത്തിയ താടിയും കൂളിംഗ് ഗ്ലാസുമൊക്കെ ധരിച്ചിരിക്കുന്ന ചിത്രം സമീപകാല മലയാളസിനിമയിലെ ഒരു മാസ് കഥാപാത്രത്തെ അനുസ്‍മരിപ്പിക്കുന്നുവെന്നാണ് പല കമന്‍റുകളും. മറ്റാരുമല്ല, ഒറ്റ നോട്ടത്തില്‍ 'ലൂസിഫറി'ലെ മോഹന്‍ലാല്‍ കഥാപാത്രമായ 'സ്റ്റീഫന്‍ നെടുമ്പള്ളി'യെ അജുവിന്‍റെ പുതിയ ലുക്ക് അനുസ്മരിപ്പിക്കുന്നുവെന്നാണ് കമന്‍റുകള്‍. സ്റ്റീഫന്‍ നെടുമ്പള്ളി 'ലൈറ്റ്' ആണോയെന്നാണ് ആരാധകരുടെ ചോദ്യം.

അതേസമയം ഈ കഥാപാത്രം എത്തുന്ന സിനിമയും ആ കഥാപാത്രത്തിന്‍റെ പേരും അജു വര്‍ഗീസ് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'മേപ്പടിയാന്‍' എന്ന ചിത്രത്തിലേതാണ് അജുവിന്‍റെ പുതിയ ലുക്ക്. ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് 'തടത്തില്‍ സേവ്യര്‍' എന്നാണ്. ഉണ്ണി മുകുന്ദന്‍ പ്രൊഡക്ഷന്‍സ് എന്ന സ്വന്തം നിര്‍മ്മാണക്കമ്പനിയുടെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രവുമാണ് ഇത്. 

അതേസമയം താന്‍ നായകനായി എത്തുന്ന 'സാജന്‍ ബേക്കറി സിന്‍സ് 1962', ജീന്‍ പോള്‍ ലാലിന്‍റെ 'സുനാമി' എന്നിവയാണ് അജുവിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. നവാഗതനായ ലെനിന്‍ ബാലകൃഷ്ണന്‍റെ 'ആര്‍ട്ടിക്കിള്‍ 21', ധ്യാന്‍ ശ്രീനിവാസന്‍റെ രചനയില്‍ നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശന്‍ പറക്കട്ടെ' തുടങ്ങി നിരവധി ചിത്രങ്ങള്‍ അജുവിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്.