കൊവിഡിന് ശേഷം വലിയൊരു പ്രേക്ഷകരെ തിയറ്ററിലേക്ക് കൊണ്ട് വരാൻ സിനിമയ്ക്ക് സാധിച്ചുവെന്ന് പറയുകയാണ് നടൻ അജുവർഗീസ്. 

കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം തിയറ്ററിലെത്തിയ സൂപ്പർതാര ചിത്രമാണ് ദി പ്രീസ്റ്റ്. മഞ്ജുവാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നുവെന്ന നിലയിലും ആവേശകരമായ സ്വീകരണമാണ് പ്രീസ്റ്റിന് ലഭിച്ചത്. നിരവധി പേർ ചിത്രത്തെയും അണിയറ പ്രവർത്തകരെയും പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കൊവിഡിന് ശേഷം വലിയൊരു പ്രേക്ഷകരെ തിയറ്ററിലേക്ക് കൊണ്ട് വരാൻ സിനിമയ്ക്ക് സാധിച്ചുവെന്ന് പറയുകയാണ് നടൻ അജുവർഗീസ്. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലായിരുന്നു അജുവിന്റെ പ്രതികരണം. 

അജു വർ​ഗീസിന്റെ വാക്കുകൾ

പ്രീസ്റ്റ് എന്ന മമ്മൂക്ക ചിത്രം കഴിഞ്ഞ ദിവസം റിലീസായി. എല്ലാ സെന്‍ററുകളില്‍ നിന്നും നല്ല പ്രതികരണങ്ങളേടെ ചിത്രം വിജയിച്ച് മുന്നേറി കൊണ്ടിരിക്കയാണ്. കൊവിഡിനും നീണ്ട ഇടവേളയ്ക്കും ശേഷം ഒരു വലിയ ചിത്രം റിലീസായി. തിയറ്ററുകളിലേക്ക് വലിയൊരു പ്രേക്ഷകരെ കൊണ്ടു വരാന്‍ സാധിച്ചുവെന്നത് വളരെ വലിയൊരു കാര്യമാണ്. മലയാള സിനിമയുടെ ഇപ്പോഴത്തെ ഒരു പ്രതിസന്ധി ഘട്ടത്തെ ധീരമായി തന്നെ പൊരുതി വിജയിക്കാന്‍ സഹായിക്കുന്ന സിനിമയായി തന്നെ പ്രീസ്റ്റ് മാറും. ഇതുപോലെ തന്നെ മുന്നോട്ടും പോകട്ടെ. തീര്‍ച്ചയായും അങ്ങനെ തന്നെ ആകും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. പ്രീസ്റ്റിനും അതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഒരിക്കൽ കൂടി എല്ലാവിധ നന്ദിയും ആശംസകളും അറിയിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ എല്ലാവരുടേയും പ്രിയപ്പെട്ട മമ്മൂക്ക, അദ്ദേഹം തന്നെയാണ് ഈ വിജയത്തിന്റെ പ്രധാന കാരണം. ഒരിക്കല്‍ കൂടി എല്ലാവർക്കും നന്ദി.