അഖില്‍ മാരാരുടെ പരാമര്‍ശത്തിലെ ചരിത്ര വസ്‍തുത ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ

അഭിപ്രായപ്രകടനങ്ങളിലൂടെ എപ്പോഴും ചര്‍ച്ചയിലും വിവാദങ്ങളിലും നിറഞ്ഞിനില്‍ക്കുന്ന വ്യക്തിയാണ് അഖില്‍ മാരാര്‍. ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ മുന്‍ വിജയിയും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്നു അഖില്‍ മാരാര്‍. ട്വന്‍റി 20 പാര്‍ട്ടിയുടെ ടിക്കറ്റില്‍ തൃക്കാക്കര മണ്ഡലത്തിലാണ് അഖില്‍ മത്സരിച്ചത്. അടുത്ത് കാലത്ത് അഖില്‍ ഒരു അഭിമുഖത്തിനിടെ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പ്രസവം എന്നത് മുന്‍പ് സ്ത്രീകള്‍ ആസ്വദിച്ച് ചെയ്തിരുന്ന ഒന്നായിരുന്നുവെന്നും ആരോഗ്യമേഖല കച്ചവടവല്‍ക്കരിക്കപ്പെട്ടപ്പോഴാണ് അതില്‍ മാറ്റമുണ്ടായതെന്നുമായിരുന്നു പരാമര്‍ശം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അഖില്‍ മാരാരുടെ മറ്റൊരു പ്രസ്താവനയിലെ വസ്തുതയും ചോദ്യം ചെയ്യപ്പെടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കേരളം എങ്ങനെ പുരോഗതിയുള്ള ഒരു സംസ്ഥാനമായി എന്നത് വിശദീകരിക്കവെ അഖില്‍ പറഞ്ഞ ഉദാഹരണത്തിലെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. അഖിലിന്‍റെ വാക്കുകള്‍ ഇങ്ങനെ- “കേരളം എങ്ങനാ നമ്പർ വൺ ആയത്? ഇവന്മാർ ആരോടെങ്കിലും ഒന്ന് പറ ഒന്ന് പറഞ്ഞുതരാന്‍. ഇത് 1847 ൽ സിഎംഎസ് കോളെജ് കേരളത്തിൽ സ്ഥാപിച്ച കാലം മുതൽ, ക്രിസ്ത്യൻ മിഷണറിമാർ ഇവിടെ വന്ന കാലം മുതൽ, ഇവിടുത്തെ രാജാക്കന്മാരുടെ ചിന്തകൾ മുതൽ നമ്മൾ ഭയങ്കര അപ്ഡേറ്റഡ് ആയിരുന്നു. ഈ അപ്ഡേറ്റഡ് ആയിട്ടുള്ള രാജാക്കന്മാരുടെയും അവര്‍ക്ക് ഒപ്പം സഞ്ചരിച്ച അറിവുള്ള ബ്രാഹ്മണരുടെയും ചിന്ത മുന്നോട്ട് കൊണ്ടുവന്ന് എക്സിക്യൂട്ട് ചെയ്ത് എടുത്തതിന്‍റെ ഫലമായി കേരളം ആദ്യമേ തന്നെ പല കാര്യങ്ങളിലും അപ്ഡേറ്റഡ് ആയിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മയുടെ കാലത്താണോ സ്വാതി തിരുനാളിന്റെ കാലത്താണോ എന്ന് എനിക്കറിയില്ല, ഐന്‍സ്റ്റീനെ വരെ ബന്ധപ്പെട്ട രാജാക്കന്മാരുണ്ടെന്നാണ് പറയുന്നത്”, സ്പോട്ട്ലൈറ്റ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ മാരാരുടെ വാക്കുകള്‍.

ഇതില്‍ കേരളത്തിലെ മാര്‍ത്താണ്ഡ വര്‍മ്മയോ സ്വാതി തിരുനാളോ ഐന്‍സ്റ്റീനെ ബന്ധപ്പെട്ടിരുന്നുവെന്ന പ്രസ്താവനയുടെ യുക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതില്‍ അഖില്‍ പരാമര്‍ശിക്കുന്ന മാര്‍ത്താണ്ഡ വര്‍മ്മയോ സ്വാതി തിരുനാളോ ഐന്‍സ്റ്റീന്‍റെ കാലത്ത് ജീവിച്ചിരുന്നവരല്ല. മാര്‍ത്താണ്ഡ വര്‍മ്മ 1758 ലും സ്വാതി തിരുനാള്‍ 1846 ലുമാണ് മരണപ്പെട്ടത്. ഐന്‍സ്റ്റീന്‍ ജനിച്ചതാവട്ടെ 1879 ലും. ഒരേ സമയം ജീവിക്കാത്തവര്‍ എങ്ങനെ പരസ്പരം ആശയവിനിമയം നടത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ഉയര്‍ത്തുന്ന വിമര്‍ശനം.

ചരിത്രം

അതേസമയം പിന്നീട് കേരള സര്‍വകലാശാലയായി മാറിയ തിരുവിതാംകൂര്‍ സര്‍വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആവാന്‍ പരിഗണിക്കപ്പെട്ട ആദ്യ പേര് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റേത് ആയിരുന്നു. തിരുവിതാംകൂറിന്‍റെ അവസാന രാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയുടെ കാലത്ത് ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ തീരുമാനം അനുസരിച്ചാണ് ഇതിനായി ശ്രമം നടത്തിയത്. എന്നാല്‍ അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലേക്ക് പോകാനിരുന്ന ഐന്‍സ്റ്റീന്‍ ഈ ക്ഷണം സ്നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.

Asianet News Live | Kerala Election | Assembly Election 2026 | Kerala Breaking News | Malayalam News