'കാതൽ' ചിത്രീകരണത്തിനിടെ സൂര്യയെ കാണാൻ കഴിയാതിരുന്നപ്പോൾ, അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ വേണ്ടി മാത്രമേ നേരിൽ കാണൂ എന്ന് താൻ ആഗ്രഹിച്ചിരുന്നതായി അനഘ വെളിപ്പെടുത്തി.
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് അനഘ രവി. പിന്നീട് ആലപ്പുഴ ജിംഖാന, അപ്പുറം, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അനഘയ്ക്ക് സാധിച്ചിരുന്നു. സൂര്യയെ നായകനാക്കി ആർജെ ബാലാജി ഒരുക്കിയ കറുപ്പ് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ തമിഴിലും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ അനഘ. ഇപ്പോഴിതാ കാതൽ സിനിമയുടെ സെറ്റിൽ വച്ച് സൂര്യയെ കാണാൻ കഴിയാതിരുന്നതിനെ കുറിച്ച് അനഘ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.

"കാതൽ സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് അത് സംഭവിച്ചത്. അന്നെനിക്ക് ഷൂട്ടിങ് ഇല്ലാത്തതിനാൽ ഞാൻ റൂമിൽ നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് അസിസ്റ്റന്റ് വിളിച്ച് മമ്മൂക്കയുമായുള്ള ഒരു വീഡിയോ കോൾ സീൻ ഷൂട്ട് ചെയ്യാനുണ്ടെന്ന് പറയുന്നത്. അങ്ങനെ പെട്ടെന്ന് തന്നെ ആ സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞു. പക്ഷേ, ഞാൻ കോൾ കട്ട് ചെയ്തില്ലായിരുന്നു. അപ്പോൾ മമ്മൂട്ടി സാർ ഫോൺ വാങ്ങിയിട്ട് ‘ഒരാൾക്ക് കൊടുക്കാം’ എന്ന് പറഞ്ഞ് ക്യാമറ തിരിച്ചപ്പോൾ ഞാൻ കാണുന്നത് സൂര്യ സാറിനെയും ജ്യോതിക മാമിനെയുമാണ്! അതുവരെ നേരിട്ട് പോലും കണ്ടിട്ടില്ലാത്ത സൂര്യ സാർ എന്നോട് ഫസ്റ്റ് ചോദിച്ചത്." അനഘ പറയുന്നു.
"എന്താ അനഘ വരാഞ്ഞത്, ഇവിടെ നിന്നെ സെറ്റിൽ മിസ്സ് ചെയ്യുന്നുണ്ട് എന്നാണ്. എനിക്ക് ശരിക്കും അതൊരു വല്ലാത്ത മൊമെന്റ് ആയിരുന്നു. പിന്നീട് ഞാൻ റൂമിലെത്തി അമ്മയോട് ഈ കാര്യം പറഞ്ഞപ്പോൾ, ‘അവിടെ തൊട്ടടുത്തല്ലേ പോയി നേരിട്ട് കാണാമായിരുന്നില്ലേ’ എന്ന് അമ്മ ചോദിച്ചു. അപ്പോഴാണ് ഞാൻ അമ്മയോട് ചുമ്മാ പറയുന്നത്, ‘ഞാൻ സൂര്യ സാറിനെ കാണുകയാണെങ്കിൽ അത് ഒന്നിച്ച് അഭിനയിക്കാൻ വേണ്ടി മാത്രമായിരിക്കും’ എന്ന്. അങ്ങനെ ചിന്തിക്കുമ്പോൾ എന്തോ ഒരു പ്രത്യേക പവർ ഉള്ളതുപോലെ എനിക്ക് തോന്നുമായിരുന്നു." അനഘ കൂട്ടിച്ചേർത്തു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അനഘയുടെ പ്രതികരണം.
അതേസമയം ആഗോള ബോക്സ് ഓഫീസിൽ 200 കോടി നേട്ടം സ്വന്തമാക്കി മുന്നേറുകയാണ് കറുപ്പ്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പിൽ എത്തുന്നത്. വൈറൽ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.



