Asianet News MalayalamAsianet News Malayalam

'30 കോടി നേടിയാല്‍ 100 കോടി നേടിയതുപോലെ'; 'ബെല്‍ബോട്ടം' തിയറ്റര്‍ റിലീസിനു മുന്‍പ് അക്ഷയ് കുമാര്‍

എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന, സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

akshay kumar about bell bottom theatre release in covid times
Author
Thiruvananthapuram, First Published Aug 18, 2021, 3:08 PM IST

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്ന സംസ്ഥാനങ്ങള്‍ മുന്നില്‍ക്കണ്ട് ആദ്യമായി ഒരു ബോളിവുഡ് സൂപ്പര്‍താരചിത്രം എത്തുന്നു. അക്ഷയ് കുമാറിനെ നായകനാക്കി രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്‍തിരിക്കുന്ന സ്പൈ ആക്ഷന്‍ ത്രില്ലര്‍ 'ബെല്‍ബോട്ട'മാണ് ആ ചിത്രം. നാളെയാണ് റിലീസ്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യമായി തിയറ്ററുകളിലെത്തുന്ന സൂപ്പര്‍താരചിത്രം എന്ന നിലയില്‍ ബോളിവുഡ് സിനിമാവ്യവസായം വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷ പ്രതികരണത്തിനായി കാത്തിരിക്കുന്നത്.

അതേസമയം പ്രതിസന്ധി ഘട്ടത്തിലെ തിയറ്റര്‍ റിലീസിനെക്കുറിച്ച് തന്‍റെ കാഴ്ചപ്പാട് അക്ഷയ് കുമാര്‍ സ്പോട്ട്ബോയ്‍ക്കു നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. ഈ സമയത്ത് ചിത്രം 30 കോടി നേടിയാല്‍പ്പോലും അത് 100 കോടിക്ക് സമമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു- "ബോളിവുഡ് ചിത്രങ്ങളുടെ അഖിലേന്ത്യാ കളക്ഷന്‍റെ 30 ശതമാനം മഹാരാഷ്ട്രയില്‍ നിന്നാണ്. അപ്പോള്‍ ബാക്കി 70 ശതമാനം മാത്രമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്. അതില്‍ തന്നെ തിയറ്ററുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. അതായത് വീണ്ടും 35 ശതമാനമായി കാണികളുടെ എണ്ണം കുറഞ്ഞിരിക്കുന്നു. പക്ഷേ ആ 35ല്‍ 5-8 ശതമാനം മാത്രം കളക്ഷനായിരിക്കും ലഭിക്കുക. കാരണം ഹൗസ്‍ഫുള്‍ പ്രദര്‍ശനങ്ങളൊന്നും നടക്കാന്‍ സാധ്യതയില്ല എന്നതുതന്നെ. ആയതിനാല്‍ ഇപ്പോള്‍ 30 കോടി നേടിയാല്‍ 100 കോടി പോലെയും 50 കോടി നേടിയാല്‍ 150 കോടി പോലെയുമാണ്", അക്ഷയ് കുമാര്‍ പറയുന്നു.

എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന, സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബെല്‍ബോട്ടം. വാണി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്‍മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു. അസീം അറോറ, പര്‍വേസ് ഷെയ്ഖ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാജീവ് രവിയാണ്. സംഗീതം തനിഷ്‍ക് ബാഗ്ച്ചി. പൂജ എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എമ്മെ എന്‍റര്‍ടെയ്‍ന്‍മെന്‍റ് എന്നീ ബാനറുകളില്‍ വഷു ഭഗ്‍നാനി, ജാക്കി ഭഗ്‍നാനി, ദീപ്‍ശിഖ ദേശ്‍മുഖ്, മോനിഷ അദ്വാനി, മധു ഭോജ്‍വാനി, നിഖില്‍ അദ്വാനി എന്നിവരാണ് നിര്‍മ്മാണം. പെന്‍ മരുധര്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ് ആണ് നിര്‍മ്മാണം. 

ഒന്നര വര്‍ഷത്തിനിപ്പുറമാണ് ഒരു അക്ഷയ് കുമാര്‍ ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്നത്. രാജ് മെഹ്‍തയുടെ സംവിധാനത്തില്‍ 2019 ക്രിസ്‍മസ് റിലീസ് ആയെത്തിയ കോമഡി ഡ്രാമ ചിത്രം 'ഗുഡ് ന്യൂസ്' ആയിരുന്നു ഇതിനു മുന്‍പ് തിയറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രം. രാഘവ ലോറന്‍സിന്‍റെ സംവിധാനത്തില്‍ അക്ഷയ് നായകനായ ഹൊറര്‍ കോമഡി ചിത്രം 'ലക്ഷ്‍മി' നിര്‍മ്മാതാക്കള്‍ തിയറ്റര്‍ റിലീസ് തീരുമാനിച്ചിരുന്ന ചിത്രമായിരുന്നെങ്കിലും കൊവിഡ് പ്രതികൂല സാഹചര്യത്തില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിക്കേണ്ടിവന്നു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ നവംബര്‍ 9നായിരുന്നു ഈ ചിത്രത്തിന്‍റെ റിലീസ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios