സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണത്തെ തുടര്‍ന്ന് ബോളിവുഡ് നേരിടുന്ന വിവിധ ആരോപണങ്ങളില്‍ ആദ്യമായി പ്രതികരിച്ച് സൂപ്പര്‍താരം അക്ഷയ് കുമാര്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ വിഷയങ്ങളിലെ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കണമെന്ന് ഉണ്ടായിരുന്നുവെങ്കിലും നിഷേധാത്മകമായ ഒരുപാട് കാര്യങ്ങള്‍ ഇതേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നതിനാല്‍ വിട്ടുനിന്നതാണെന്ന് അക്ഷയ് കുമാര്‍ പറയുന്നു. ലഹരി ഉപയോഗമടക്കം ബോളിവുഡില്‍ പ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ സിനിമാലോകത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അക്ഷയ് കുമാറിന്‍റെ പ്രതികരണം.

"കനപ്പെട്ട ഹൃദയത്തോടെയാണ് ഞാനിന്ന് നിങ്ങളോട് സംസാരിക്കുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി എനിക്ക് ചിലത് പറയണമെന്നുണ്ടായിരുന്നു. പക്ഷേ നിഷേധാത്മകമായ നിരവധി കാര്യങ്ങള്‍ ചുറ്റും ഉണ്ടായിരുന്നതിനാല്‍ എന്ത് പറയണമെന്നും എങ്ങനെ പറയണമെന്നും ആരോട് പറയണമെന്നും എനിക്ക് അറിയില്ലായിരുന്നു. താരങ്ങള്‍ എന്ന് വിളിക്കപ്പെടുന്നത് ഞങ്ങളാണെങ്കിലും നിങ്ങളാണ് നിങ്ങളുടെ സ്നേഹത്താല്‍ ഇന്ന് കാണുന്ന ബോളിവുഡിനെ സൃഷ്ടിച്ചത്. സുശാന്തിന്‍റെ പൊടുന്നനെയുള്ള മരണത്തിന് പിന്നാലെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയിലേക്കെത്തി. നിങ്ങളെ വിഷമിപ്പിച്ചതുപോല അവ ഞങ്ങളെയും വിഷമിപ്പിച്ചു. ബോളിവുഡിന്‍റെ പിന്നാമ്പുറത്ത് എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പരോശോധിക്കാന്‍ അത് ഞങ്ങളെ നിര്‍ബന്ധിതരാക്കി. ലഹരി ഉപയോഗത്തെക്കുറിച്ച് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇങ്ങനെയൊരു പ്രശ്നമില്ലെന്ന് നിങ്ങളോട് കളവ് പറയാന്‍ എനിക്കാവില്ല. അത് തീര്‍ച്ഛയായുമുണ്ട്, മറ്റ് ഏതൊരു മേഖലയിലും ഉണ്ടായിരിക്കാവുന്നതുപോലെതന്നെ. അതിനര്‍ഥം ഒരു ഇൻഡസ്ട്രിയിലെ ഓരോ വ്യക്തിയും അതില്‍ ഉള്‍പ്പെട്ടുകൊള്ളണമെന്നല്ലല്ലോ. അത് എങ്ങനെയാണ് സാധ്യമാവുക?", അക്ഷയ് കുമാര്‍ ചോദിക്കുന്നു.

ലഹരിഉപയോഗം ഒരു നിയമപരമായ വിഷയമാണെന്നും പൊലീസും കോടതിയും ഈ വിഷയത്തില്‍ എടുക്കുന്ന നിലപാടുകള്‍ പൂര്‍ണ്ണമായും ശരിയായിരിക്കുമെന്നാണ് തന്‍റെ അഭിപ്രായമെന്നും അക്ഷയ് കുമാര്‍ പറയുന്നു. "ബോളിവുഡിലെ ഓരോ വ്യക്തിയും അന്വേഷണത്തോട് സഹകരിക്കുമെന്നാണ് എന്‍റെ വിശ്വാസം. പക്ഷേ, മുഴുവന്‍ സിനിമാലോകത്തെയും മോശമായി കാണരുതെന്നാണ് എന്‍റെ അപേക്ഷ. അത് ശരിയല്ല. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളോടും എനിക്ക് ഒരു കാര്യം അഭ്യര്‍ഥിക്കാനുണ്ട്. ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. നിഷേധാത്മകമായ ഒരൊറ്റ വാര്‍ത്ത വര്‍ഷങ്ങള്‍ കൊണ്ട് സൃഷ്ടിച്ചെടുത്ത ഒരാളുടെ വിശ്വാസ്യതയെ ആയിരിക്കും നിമിഷങ്ങള്‍ കൊണ്ട് തകര്‍ക്കുന്നത്", അക്ഷയ് കുമാര്‍ പറഞ്ഞു.

സുശാന്ത് സിംഗിന്‍റെ മരണത്തിന് പിന്നാലെ ചര്‍ച്ചകളിലും വിവാദങ്ങളിലുമാണ് ബോളിവുഡ് സിനിമാലോകം. സിനിമയിലെ സ്വജനപക്ഷപാതവും ലഹരിഉപയോഗവുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ആ ചര്‍ച്ചകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീതി സിംഗ് തുടങ്ങി നിരവധി മുന്‍നിര താരങ്ങളെ നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തിരുന്നു.