Asianet News MalayalamAsianet News Malayalam

ഇന്ത്യയില്‍ നിന്ന് അക്ഷയ് കുമാര്‍ മാത്രം! ലോകത്ത് ഏറ്റവുമധികം പ്രതിഫലം നേടിയ നടന്മാരില്‍ ആറാമത്

സിനിമകളല്ല, മറിച്ച് പരസ്യങ്ങളാണ് അക്ഷയ് കുമാറിന്‍റെ പ്രധാന വരുമാന സ്രോതസ്സെന്നാണ് ഫോര്‍ബ്‍സിന്‍റെ നിരീക്ഷണം.

akshay kumar is sixth at forbes list of highest paid actors
Author
Thiruvananthapuram, First Published Aug 13, 2020, 7:50 PM IST

അന്തര്‍ദേശീയ വിനോദ വ്യവസായത്തില്‍ ഏറ്റവുമധികം വാര്‍ഷികവരുമാനം നേടിയവരുടെ പട്ടിക അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ബ്‍സ് പുറത്തുവിടാറുണ്ട്. നേടുന്ന വരുമാനത്തിന് താരങ്ങളുടെ ജനപ്രീതിയുമായി ബന്ധമുണ്ട് എന്നതിനാല്‍ വലിയ ജനശ്രദ്ധ നേടാറുമുണ്ട് ഈ കണക്ക്. ഇപ്പോഴിതാ ഏറ്റവും പുതിയ ഫോര്‍ബ്‍സ് ലിസ്റ്റ് പുറത്തെത്തിയിരിക്കുകയാണ്. ഹോളിവുഡ് താരങ്ങള്‍ക്കൊപ്പം ഒരേയൊരു ഇന്ത്യന്‍ നടനാണ് ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്.

മറ്റാരുമല്ല, ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഫോര്‍ബ്‍സ് പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. പട്ടികയില്‍ ആറാം സ്ഥാനത്തുള്ള അക്ഷയ് കുമാര്‍ ഒരു വര്‍ഷത്തില്‍ നേടിയ വരുമാനം 48.5 മില്യണ്‍ ഡോളര്‍ ആണ്. അതായത് 362 കോടി ഇന്ത്യന്‍ രൂപ! എന്നാല്‍ സിനിമകളല്ല, മറിച്ച് പരസ്യങ്ങളാണ് അക്ഷയ് കുമാറിന്‍റെ പ്രധാന വരുമാന സ്രോതസ്സെന്നാണ് ഫോര്‍ബ്‍സിന്‍റെ നിരീക്ഷണം. ആമസോണ്‍ പ്രൈമിന്‍റെ ഒറിജിനല്‍ സിരീസ് ആയ 'ദി എന്‍ഡി'ല്‍ അഭിനയിക്കുന്നതിന് അക്ഷയ് കുമാര്‍ കരാറൊപ്പിട്ടിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആദ്യ സിരീസ് ആണിത്. രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന 'ലക്ഷ്‍മി ബോംബ്' ആണ് അക്ഷയ് കുമാറിന്‍റേതായി പുറത്തുവരാനിരിക്കുന്ന ചിത്രം. കൊവിഡ് പശ്ചാത്തലത്തില്‍ ഒടിടി റിലീസ് ആയാണ് ചിത്രം എത്തുന്നത്. 

അതേസമയം ഹോളിവുഡ് താരം ഡ്വെയ്‍ന്‍ ജോണ്‍സണ്‍ ആണ് ഫോര്‍ബ്‍സ് വാര്‍ഷിക പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനത്ത്. 87.5 മില്യണ്‍ ഡോളര്‍ (655 കോടി രൂപ) ആണ് അദ്ദേഹത്തിന്‍റെ വാര്‍ഷിക വരുമാനം. റ്യാന്‍ റെയ്നോള്‍ഡ്‍സ്, മാര്‍ക് വാള്‍ബര്‍ഗ്, ബെന്‍ അഫ്ളെക്, വിന്‍ ഡീസല്‍ എന്നിവരാണ് പട്ടികയില്‍ അക്ഷയ് കുമാറിനേക്കാള്‍ മുന്നിലുള്ളത്.

Follow Us:
Download App:
  • android
  • ios