മുംബൈ: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുകയാണ്. കർഷകരുടെ സംഭരണശാലകളിൽ നിന്നടക്കം ഉള്ളി മോഷണം പോകുന്നത് പതിവാകുകയാണ്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വരെ ഉള്ളി വില ചർച്ചയായി. ഉള്ളി വില കൂടിയതിനെ തുടർന്ന് സോഷ്യൽമീഡിയയിലടക്കം ട്രോളുകൾ വ്യാപകമായിരുന്നു. ചലച്ചിത്ര മേഖലയിൽനിന്നുള്ളവരടക്കം ഉള്ളി വിലയെ ട്രോളി രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ തന്റെ ഭാര്യ ട്വിങ്കിൾ ഖന്നയ്ക്ക് ഉള്ളി കൊണ്ടുണ്ടാക്കിയ കമ്മൽ സമ്മാനിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ.

അക്ഷയ് ഉള്ളി കമ്മൽ സമ്മാനിച്ച വിവരം നടിയും എഴുത്തുകാരിയുമായ ട്വിങ്കൾ ഖന്ന തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഭർത്താവ് ഈ അടുത്ത് തന്നതിൽ ഏറ്റവും മികച്ച സമ്മാനം എന്നായിരുന്നു ഉള്ളി കമ്മലിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ട്വിങ്കിൽ കുറിച്ചത്. കപിൽ ശർമ്മ കോമഡി ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് അക്ഷയ്, ട്വിങ്കിളിന് ഉള്ളി കമ്മൽ സമ്മാനമായി നൽകിയത്. ഈ മാസം റിലീസിനെത്തുന്ന ഗുഡ് ന്യൂസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് കപിൽ ശർമ്മയിൽ അക്ഷയ് കുമാർ പങ്കെടുത്തത്. പരിപാടിക്കിടെ അക്ഷയ്ക്കൊപ്പം എത്തിയ നടി കരീന കപൂറിന് നൽകിയതായിരുന്നു ഈ ഉള്ളി കമ്മൽ.

കപിൽ ശർമ്മ ഷോയിൽ പങ്കെടുത്ത മടങ്ങിയെത്തിയതിന് ശേഷം അക്ഷയ് തന്നോട് പറഞ്ഞു; കരീനയെ അവരീ ഉള്ളി കമ്മൽ കാണിച്ചിരുന്നു. കരീനയ്ക്ക് വലിയ മതിപ്പുള്ളതായി എനിക്ക് തോന്നുന്നില്ല. എന്നാൽ, എനിക്കറിയാം നീ ഇത് നന്നായി ആസ്വ​ദിക്കുമെന്ന്. അതിനാലാണ് ഈ ഉള്ളി കമ്മൽ ഞാൻ നിനക്കായി കൊണ്ടുവന്നത്. ചിലപ്പോൾ ഇത് വളരെ ചെറിയ സാധനമായിരിക്കും. പക്ഷെ നിസാരമായ കാര്യങ്ങളായിരിക്കും നമ്മുടെ ഹൃദയത്തെ വല്ലാതെ സ്പർശിക്കുക, ട്വിങ്കിൾ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ കുറിച്ചു. #onionearrings #bestpresentaward എന്നീ ഹാഷ് ടാ​ഗുകളോടെയാണ് ട്വിങ്കിൾ പോസ്റ്റ് പങ്കുവച്ചത്.

രാജ് മേത്ത സംവിധാനം ചെയ്യുന്ന കോമഡി എന്റർടെയ്നർ ആണ് ‘ഗുഡ് ന്യൂസ്’. അക്ഷയ് കുമാറിനൊപ്പം കരീന കപൂർ, കിയാര അദ്വാനി, ​ഗിൽജിത്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന് ട്വിങ്കിൽ ഇപ്പോൾ‌ എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. സോഷ്യൽമീഡിയയിൽ ആക്ടീവായ ട്വിങ്കിളിന്റെ കുറിപ്പുകളും ചിത്രങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.