കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം ബോളിവുഡിലെ ആദ്യ വിജയചിത്രം

അക്ഷയ് കുമാറിനെ (Akshay Kumar) നായകനാക്കി രോഹിത്ത് ഷെട്ടി (Rohit Shetty) സംവിധാനം ചെയ്‍ത ബോളിവുഡ് ആക്ഷന്‍ ചിത്രം 'സൂര്യവന്‍ശി'ക്ക് (Sooryavanshi) ഒടിടി റിലീസ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സിലാണ് (Netflix) ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ് ഭാഷകളിലും നെറ്റ്ഫ്ളിക്സില്‍ ചിത്രം കാണാം. ഇന്നലെ രാത്രിയോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്.

ദീപാവലി റിലീസ് ആയി നവംബര്‍ 5ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറന്ന തിയറ്ററുകളിലേക്ക് പ്രേക്ഷകരെ തിരികെയെത്തിച്ച ചിത്രവുമാണിത്. ആദ്യ രണ്ട് ദിനങ്ങളില്‍ 50 കോടി നേടിയ ചിത്രം ആദ്യ അഞ്ച് ദിനങ്ങളില്‍ 100 കോടിയും സ്വന്തമാക്കിയിരുന്നു. 10 ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നു മാത്രം 150 കോടി നേടിയ ചിത്രം 17 ദിവസത്തില്‍ 175 കോടിയും പിന്നിട്ടിരുന്നു. കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി കാണികള്‍ക്ക് 50 ശതമാനം പ്രവേശനം മിക്ക സംസ്ഥാനങ്ങളും തുടരുന്ന സാഹചര്യത്തില്‍ ഇത് മികച്ച കളക്ഷനായാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ഭീകരവിരുദ്ധ സേനാ തലവന്‍ 'വീര്‍ സൂര്യവന്‍ശി'യാണ് ചിത്രത്തിലെ നായക കഥാപാത്രം. മുംബൈ നഗരത്തില്‍ സംഭവിക്കാനിടയുള്ള ഒരു ഭീകരാക്രമണത്തെ തടയുക എന്നതാണ് നായകനു മുന്നിലുള്ള മിഷന്‍. രോഹിത്ത് ഷെട്ടിയുടെ മുന്‍ സിനിമകളിലെ കഥാപാത്രങ്ങളെ രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും ആവര്‍ത്തിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. 'സിംബ'യിലെ 'സംഗ്രാം സിംബ ബലിറാവു' ആയി രണ്‍വീര്‍ എത്തുമ്പോള്‍ സിംഗം സിരീസിലെ ബജിറാവു സിംഗമായി അജയ് ദേവ്ഗണും എത്തുന്നു. കത്രീന കൈഫ്, ജാക്കി ഷ്രോഫ്, ഗുല്‍ഷന്‍ ഗ്രോവര്‍, ജാവേദ് ജെഫ്രി എന്നിങ്ങനെയാണ് മറ്റു താരനിര. 2020 മാര്‍ച്ച് 24ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.