ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ 'ഒഎംജി- ഓ മൈ ഗോഡി'ന്‍റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം

അക്ഷയ് കുമാറിനെ (Akshay Kumar) നായകനാക്കി അമിത് റായ് (Amit Rai) സംവിധാനം ചെയ്യുന്ന ആക്ഷേപഹാസ്യ ചിത്രം 'ഓ മൈ ഗോഡ് 2'ന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ (OMG 2 First Look) പുറത്തെത്തി. ഭഗവാന്‍ ശിവനെ അനുസ്‍മരിപ്പിക്കുന്ന രൂപത്തിലാണ് അക്ഷയ് കുമാര്‍ പോസ്റ്ററുകളിലൊന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ചിരുന്ന സിനിമയുടെ പുതിയ ഷെഡ്യൂള്‍ മധ്യപ്രദേശിലെ ഉജ്ജയിനില്‍ വ്യാഴാഴ്ച ആരംഭിച്ചിരുന്നു. അക്ഷയ് കുമാറും ചിത്രീകരണ സംഘത്തോടൊപ്പം ചേര്‍ന്നിട്ടുണ്ട്.

യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ 'ഒഎംജി- ഓ മൈ ഗോഡി'ന്‍റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം. പക്ഷേ പ്രമേയത്തില്‍ കാര്യമായ വ്യത്യാസമുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയ പരിസരം. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്‍ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്.

Scroll to load tweet…

അതേസമയം നിരവധി ചിത്രങ്ങളാണ് അക്ഷയ് കുമാറിന്‍റേതായി പുറത്തുവരാനിരിക്കുന്നത്. സൂര്യവന്‍ശി, അത്‍രംഗീ രേ, പൃഥ്വിരാജ്, ബച്ചന്‍ പാണ്ഡേ, രക്ഷാബന്ധന്‍, രാം സേതു എന്നിങ്ങനെ ആ ലിസ്റ്റ് നീളുന്നു.