അനാഥക്കുട്ടികള്‍ക്ക് കൈത്താങ്ങാകാൻ അഭ്യര്‍ഥിച്ച് നടൻ അക്ഷയ് കുമാര്‍. സാമൂഹ്യമാധ്യമത്തിലൂടെയാണ് അക്ഷയ് കുമാര്‍ കുട്ടികള്‍ക്ക് വേണ്ടി രംഗത്ത് എത്തിയിരിക്കുന്നത്.

ഒരു സൈക്കിളില്‍ ഇരിക്കുന്ന ഫോട്ടോയാണ് അക്ഷയ് കുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കുട്ടിക്കാലത്ത് എനിക്ക് സ്‍പോര്‍ട്‍സിനോട് വലിയ താല്‍പര്യമുണ്ടായിരുന്നു. സ്‍പോര്‍ട്‍സിനോടുള്ള എന്റെ താല്‍പര്യമറിഞ്ഞ് വീട്ടിൽ നിന്ന് പാകം ചെയ്യുന്ന പോഷകാഹാരം എനിക്ക് ലഭിക്കുമെന്ന് അമ്മ ഉറപ്പാക്കിയിരുന്നു. പക്ഷേ ലക്ഷക്കണക്കിന് അനാഥക്കുട്ടികള്‍ക്ക് ഇങ്ങനെ ലഭ്യമാകില്ല. ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ വകയില്ലാത്ത 11,72,604 കുട്ടികള്‍ ഇന്ത്യയിലുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വ്യത്യാസം എന്ന് ചോദിക്കാനുള്ള സമയാണ്- അക്ഷയ് കുമാര്‍ എഴുതുന്നു. സേവ് ദ ചില്‍ഡ്രൻ ഇന്ത്യ എന്ന എൻജിഒയുടെ പ്രചാരണത്തില്‍ പങ്കാളിയാകുകയാണ് അക്ഷയ് കുമാര്‍. ഭാര്യ ട്വിങ്കിള്‍ ഖന്നയെ ടാഗ് ചെയ്‍താണ് അക്ഷയ് കുമാറിന്റെ എഴുത്ത്.  ഇന്ത്യയില്‍ അഞ്ചില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും സ്‍കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തികരിക്കാനാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നേരത്തെ ട്വിങ്കിള്‍ ഖന്നയും രംഗത്ത് എത്തിയിരുന്നു. അതേസമയം അക്ഷയ് കുമാറിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുക്കിയ മിഷൻ മംഗളാണ്. മിഷൻ മംഗളില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യാ മേനോനൻ, കിര്‍തി എന്നിവരെയും ക്യാമ്പയിനിന്റെ ഭാഗമാകാൻ അക്ഷയ് കുമാര്‍ ക്ഷണിച്ചിട്ടുണ്ട്.