"പൃഥ്വിരാജിന്‍റെ പേര് അക്ഷയ് സാറിനോട് ആദ്യമായി പറഞ്ഞപ്പോഴത്തെ അദ്ദേഹത്തിന്‍റെ പ്രതികരണം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്"

കരിയറിലെ നിര്‍ണ്ണായക കാലത്തിലൂടെ സഞ്ചരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്‍. മറ്റ് ഭാഷകളില്‍ നിന്ന് പാന്‍ ഇന്ത്യന്‍ അപ്പീല്‍ ഉള്ള ബിഗ് കാന്‍വാസ് ചിത്രങ്ങളുടെ ഭാഗമാവുന്ന അദ്ദേഹം മലയാളത്തില്‍ ആടുജീവിതത്തിലൂടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമെന്ന അഭിനന്ദനങ്ങളും നേടുകയാണ്. അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ആണ് ആടുജീവിതത്തിന് ശേഷമുള്ള പൃഥ്വിയുടെ റിലീസ്. ചിത്രത്തിലെ പ്രതിനായകനാണ് പൃഥ്വിയുടെ കഥാപാത്രം. അക്ഷയ് കുമാര്‍ നായകനാവുന്ന ചിത്രത്തില്‍ എന്തുകൊണ്ട് വില്ലന്‍ വേഷത്തിലേക്ക് പൃഥ്വിരാജിനെ തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഉത്തരം പറയുകയാണ് സംവിധായകന്‍ അലി അബ്ബാസ് സഫര്‍. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍റെ പ്രതികരണം.

"പൃഥ്വിരാജിന്‍റെ സിനിമകള്‍ ഞാന്‍ കാര്യമായി ഫോളോ ചെയ്തിരുന്നു. മലയാളത്തിലെ താരങ്ങളുടെ സൗന്ദര്യം എന്തെന്നാല്‍, അവര്‍ ​ഗംഭീര അഭിനേതാക്കള്‍ കൂടിയാണ് എന്നതാണ്. പൃഥ്വിരാജ്, മോഹന്‍ലാല്‍ സര്‍ അവരൊക്കെ അങ്ങനെതന്നെ. വെറും താരങ്ങളല്ല അവരൊന്നും, മറിച്ച് താര അഭിനേതാക്കളാണ്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്കൊരു സൂപ്പര്‍താരത്തെ വേണ്ടിയിരുന്നു. അക്ഷയ് സാര്‍ ദീര്‍ഘനാളായി എന്നോട് ചോദിക്കുന്നുണ്ടായിരുന്നു- ആരാണ് വില്ലന്‍ വേഷം ചെയ്യുക എന്ന്. ഒരാള്‍ എന്‍റെ മനസിലുണ്ടെന്നും സംഭാഷണ രചന പൂര്‍ത്തിയാക്കിയതിന് ശേഷം സമീപിക്കാമെന്നും അദ്ദേഹത്തിന് മറുപടി നല്‍കി. ഭാ​ഗ്യത്തിന് ഇവര്‍ക്ക് പരസ്പരം അറിയാമായിരുന്നു. പൃഥ്വിരാജിന്‍റെ പേര് അക്ഷയ് സാറിനോട് ആദ്യമായി പറഞ്ഞപ്പോഴത്തെ അദ്ദേഹത്തിന്‍റെ പ്രതികരണം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. പെര്‍ഫെക്റ്റ് എന്നാണ് അദ്ദേഹം പറഞ്ഞത്", അലി അബ്ബാസ് സഫര്‍ പറയുന്നു.

"പൃഥ്വിരാജ് അടുത്ത് ഇരിക്കുന്നതുകൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്. ചിത്രം കാണുമ്പോള്‍ അദ്ദേഹത്തെ കാസ്റ്റ് ചെയ്യാനുള്ള കാരണം നിങ്ങള്‍ക്ക് മനസിലാവും. ആ കഥാപാത്രത്തിന് ചിത്രത്തില്‍ ഇത്രയധികം പ്രാധാന്യം എന്തുകൊണ്ട് എന്നത് മനസിലാവും. ശരിക്കും രണ്ട് നായകരുടെ സിനിമയല്ല, മറിച്ച് മൂന്ന് നായകന്മാരുടെ സിനിമയാണ് ബഡേ മിയാന്‍ ഛോട്ടെ മിയാന്‍. ശരിയാണ്, പൃഥ്വി ഒരു വില്ലന്‍ വേഷമാണ് ചെയ്തിരിക്കുന്നത്. പക്ഷേ ആ കഥാപാത്രത്തിന്‍റെ ​ഗ്രാഫ് പരിശോധിക്കുമ്പോള്‍ സിനിമ അയാളുടെ കഥയാണെന്ന് മനസിലാവും. ശരിക്കും പൃഥ്വിയെത്തന്നെ വേണമായിരുന്നു എനിക്ക്. പൃഥ്വി നിരസിച്ചാല്‍ മറ്റൊരാളും എന്‍റെ മനസില്‍ ഉണ്ടായിരുന്നില്ല. തിരക്കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. പക്ഷേ ഡേറ്റ് ഇല്ലാത്തതിനാല്‍ ചെയ്യാനാവുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞു. പക്ഷേ ഞാന്‍ അദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം ഞാന്‍ പൃഥ്വിയോട് പറഞ്ഞു, നിങ്ങള്‍ നിങ്ങള്‍ക്ക് സൌകര്യപ്രദമായ ഡേറ്റ് തരൂ. അക്ഷയ്‍യുടെയും ടൈഗറിന്‍റെയും ഡേറ്റ് ഞാന്‍ മാറ്റാം എന്ന്", അലി അബ്ബാസ് സഫര്‍ പറഞ്ഞുനിര്‍ത്തുന്നു.

ALSO READ : 64 കിലോയിൽ നിന്ന് 44 കിലോയിലേക്ക്; ആടുജീവിതത്തിലെ 'ഹക്കി'മിന് പിന്നിലുള്ള പ്രയത്നത്തെക്കുറിച്ച് കെ ആര്‍ ഗോകുൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം