ചരിത്ര പുരുഷന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെ സമാന പശ്ചാത്തലമുള്ള മറ്റു മൂന്നു സിനിമകള്‍ കൂടി പ്രഖ്യാപിക്കപ്പെട്ടിരുന്നു. അതില്‍ അലി അക്ബര്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമ ക്രൗഡ് ഫണ്ടിംഗിലൂടെയാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ  ധനസമാഹരണത്തെക്കുറിച്ച് വിശദീകരിച്ച് ഫേസ്ബുക്കിലൂടെ അലി അക്ബര്‍ പലതവണ രംഗത്തെത്തിയിരുന്നു. സംഭാവന സ്വീകരിച്ചു തുടങ്ങി ആദ്യ രണ്ട് ദിനങ്ങളില്‍ ലഭിച്ച തുക സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആദ്യ രണ്ട് ദിവസങ്ങളില്‍ 16.30 ലക്ഷം രൂപ കിട്ടിയെന്നാണ് ജൂണ്‍ 27ന് അലി അക്ബര്‍ പറഞ്ഞത്. പിന്നീട് പല തവണ ലഭിച്ച തുക എത്രയെന്ന് വെളിപ്പെടുത്തി അദ്ദേഹം സമൂഹമാധ്യമത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഇതുവരെ ലഭിച്ച ആകെ തുക എത്രയെന്ന് വ്യക്തമാക്കുകയാണ് സംവിധായകന്‍.

2223 പേരില്‍ നിന്നായി 62 ലക്ഷത്തിലേറെ രൂപയാണ് ഇതുവരെ ലഭിച്ചതെന്ന് അലി അക്ബര്‍ പറയുന്നു. 62,15,722 എന്നാണ് പുറത്തുവിട്ടിരിക്കുന്ന മുഴുവന്‍ സംഖ്യ. പ്രോജക്ട് പ്ലാന്‍ ചെയ്‍തപ്പോള്‍ ഒപ്പമുണ്ടാവുമെന്ന് പറഞ്ഞിരുന്നത് നാലായിരത്തോളം പേരാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അലി അക്ബര്‍ പറയുന്നു.

ആഷിക് അബുവും അലി അക്ബറും പ്രഖ്യാപിച്ചതു കൂടാതെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പശ്ചാത്തലമാക്കി സിനിമയെടുക്കുമെന്ന് അറിയിച്ച മറ്റു സംവിധായകര്‍ പി ടി കുഞ്ഞുമുഹമ്മദും ഇബ്രാഹിം വേങ്ങരയുമാണ്.