'1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിന് വേണ്ടി ഒരുക്കുന്ന സിനിമാ സെറ്റിന്‍റെ ചിത്രങ്ങൾ പങ്കുവെച്ച്‌ സംവിധായകന്‍ അലി അക്ബര്‍. സ്വന്തം വീടിന് മുന്നിലാണ് അലി സിനിമ സെറ്റ് തയ്യാറാക്കുന്നത്. ഈ സ്ഥലത്ത് വലിയ ഷൂട്ടിങ് ഫ്ലോർ ഒരുക്കി ചിത്രമൊരുക്കാനുളള പദ്ധതിയിലാണ് സംവിധായകൻ. ഫേസ്ബുക്കിലാണ് സെറ്റിന്റെ ചിത്രങ്ങൾ അലി അക്ബർ പങ്കുവച്ചത്. 

‘ദൂരെ നിന്നു നോക്കുമ്പോള്‍ മമധര്‍മ്മ വളരെ ചെറുതാണ്. അടുക്കുമ്പോള്‍ അതിന്‍റെ വിശാലത തൊട്ടറിയാം. ഒരു സമൂഹത്തിന്‍റെ വിയര്‍പ്പിനോടൊപ്പം എന്‍റെ വിയര്‍പ്പും കൂടിച്ചേരുമ്പോള്‍ ഉയരുന്ന തൂണുകള്‍ക്ക് ബലം കൂടും’, അലി അക്ബർ കുറിച്ചു. 

അടുത്തിടെയാണ് മലബാര്‍ പശ്ചാത്തലമാക്കി താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് അലി അക്ബര്‍ പ്രഖ്യാപിച്ചത്. ഭാരതപ്പുഴ മുതല്‍ ചാലിയാര്‍ വരെയാണ് സിനിമയുടെ കഥാപശ്ചാത്തലമെന്നും അതിനാലാണ് ഇത്തരമൊരു പേരെന്നും അലി അക്ബര്‍ പറയുന്നു.

നേരത്തെയും ചിത്രത്തിനുവേണ്ടി ഒരുങ്ങുന്ന 900 ചതുരശ്രയടിയുടെ ഷൂട്ടിംഗ് ഫ്ലോറിനെക്കുറിച്ചുള്ള അലി അക്ബറിന്‍റെ പോസ്റ്റ് ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍ സാങ്കേതികവിദ്യയൊന്നും വികസിക്കാത്ത ഒരു കാലത്തെക്കുറിച്ചുള്ള സിനിമ ചെയ്യാന്‍ ആ വലുപ്പത്തിലുള്ള ഫ്ളോര്‍ മതിയെന്നും അലി അക്ബര്‍ പറയുന്നു. 1921ലെ മലബാറിന്‍റെപശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്.