മലബാര്‍ കലാപം പ്രമേയമായി സിനിമകള്‍ പ്രഖ്യാപിച്ചത് വലിയ ചര്‍ച്ചയായിരുന്നു. വാരിയൻകുന്നത്ത് ഹാജിയെ വില്ലനാക്കി അലി അക്ബര്‍ സിനിമ പ്രഖ്യാപിച്ചിരുന്നു. സിനിമ ഉടൻ തുടങ്ങുമെന്ന് അറിയിച്ചു. ഇപ്പോഴിതാ 1921 എന്ന സിനിമയുടെ തിരക്കഥ മൂകാംബിക ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിരിക്കുകയാണ് അലി അക്ബര്‍. അലി അക്ബര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമയുടെ ഒരു ഗാനം ചിട്ടപ്പെടുത്തി തുടങ്ങുമെന്നും അലി അക്ബര്‍ അറിയിച്ചു.

ജനങ്ങളില്‍ നിന്ന് പണം പിരിച്ചാണ് സിനിമ ചെയ്യുന്നത്. 9827553 രൂപയാണ് ഇത് വരെ കിട്ടിയത് എന്ന് അലി അക്ബര്‍ അറിയിച്ചിരുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റ് കൃത്യമായി ചിദാനന്ദപുരി സ്വാമിജിയുടെ കയ്യില്‍ ഏല്‍പ്പിക്കുന്നുണ്ടെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു. സിനിമയുടെ ഒരു ഗാനം ചെയ്യുന്നത് സംഗീത സംവിധായകൻ ഹരി വേണുഗോപാലാണ്. ഹരി വേണുഗോപാലിനൊപ്പമുള്ള ഫോട്ടോയും അലി അക്ബര്‍ പങ്കുവെച്ചിട്ടുണ്ട്. പാലക്കാട്ടുള്ള ഒരു ഡോക്ടറാണ് മറ്റൊരു ഗാനം ചെയ്യുന്നത്.

ഇത്രയും സിനിമകള്‍ ചെയ്‍ത തനിക്ക് ഇപ്പോള്‍ ചെറിയ ടെൻഷൻ ഉണ്ടെന്നും അലി അക്ബര്‍ പറയുന്നു.

ജനങ്ങള്‍ക്ക് അറിയാവുന്ന ചരിത്രമായതുകൊണ്ട് അതില്‍ വെള്ളം ചേര്‍ക്കാതെ സത്യം മാത്രം പറയണം എന്നും അലി അക്ബര്‍ പറയുന്നു.