ചിത്രത്തിന്‍റെ കേരള ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു

മലയാള സിനിമയിലെ മികച്ച കൂട്ടുകെട്ടായ സത്യൻ അന്തിക്കാട്- മോഹൻലാൽ കോമ്പോയിലെ ഹൃദയപൂർവ്വം എന്ന സിനിമയുടെ ചിത്രീകരണം പൂനെയിൽ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ സിനിമയുടെ കേരളത്തിലെ ഷെഡ്യൂള്‍ പൂർത്തിയാക്കിക്കൊണ്ടാണ് ചിത്രം പൂനെയിലേക്കു ഷിഫ്റ്റ് ചെയ്യപ്പെട്ടത്. പൂനെയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് സിനിമയുടേത്. ഇടവേളയ്ക്ക് ശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്ത് നടക്കുന്നത്. 

ചെന്നൈ നഗരവും പൊള്ളാച്ചിയും ഊട്ടിയുമൊക്കെ സത്യൻ അന്തിക്കാടിൻ്റെ ചിത്രങ്ങൾക്ക് പ്രധാന പശ്ചാത്തലങ്ങളായിട്ടുണ്ട്. മുംബൈയിൽ നിരവധി മലയാള സിനിമകളുടെ ചിത്രീകരണം നടന്നിട്ടുണ്ടങ്കിലും മുംബൈ നഗരത്തിൽ നിന്നും വിദൂരമല്ലാത്തതും എന്നാൽ വൻ സിറ്റിയുമായ പൂനെയിൽ ഒരു മലയാള സിനിമയുടെ ചിത്രീകരണം അപൂര്‍വ്വമാണ്. ധാരാളം മലയാളികൾ വസിക്കുന്ന ഒരു നഗരമാണ് പൂന. മലയാളി അസോസിയേഷനുകളും ഇവിടെ ഏറെ സജീവമാണ്. എമ്പുരാൻ്റെ റിലീസുമായി ബന്ധപ്പെട്ട പ്രമോഷനു വേണ്ടിയുള്ള ചടങ്ങുകൾക്കായി മോഹൻലാൽ ഇന്ത്യയിലെ വൻ നഗരങ്ങളിലെല്ലാം സഞ്ചരിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. ചിത്രം പ്രദർശനത്തിനെത്തി വലിയ വിജയം നേടിക്കൊണ്ടിരിക്കെയാണ് ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ പൂനെ ഷെഡ്യൂൾ ആരംഭിച്ചത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്നതാണ് പൂനെയിലെ ചിത്രീകരണം.

ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹൻ, സംഗീത തുടങ്ങിയവർ പൂനെയിൽ മോഹൻലാലിനോടൊപ്പം അഭിനയിക്കുന്നുണ്ട്. ബന്ധങ്ങളുടെ മാറ്റുരയ്ക്കുന്ന വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമായിരിക്കും ഇതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറയുന്നു. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സത്യൻ അന്തിക്കാട് എന്ന സംവിധായകൻ്റെ ട്രേഡ്മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന നർമ്മവും ഒപ്പം ഇമോഷനുമൊക്കെ ഈ ചിത്രത്തിലൂടെയും പ്രതീക്ഷിക്കാം. അഖിൽ സത്യൻ്റേതാണു കഥ.
ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങൾ മനു മഞ്ജിത്ത്, 
സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.

ALSO READ : 'കേക്ക് സ്റ്റോറി' സക്സസ് ട്രെയ്‍ലര്‍ പുറത്തെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം