പ്രൊഡക്ഷൻ കൺട്രോളർമാരെ ഓൺലൈൻ ചാനലിന് നൽകിയ ആഭിമുഖത്തിൽ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്
കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെതിരെ നിയമ നടപടിയുമായി ഫെഫ്ക. പ്രൊഡക്ഷൻ കൺട്രോളർമാരെ ഓൺലൈൻ ചാനലിന് നൽകിയ ആഭിമുഖത്തിൽ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഫ്ക നിയമ നടപടി സ്വീകരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അതേസമയം, പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും നിയമപരമായി നേരിടുമെന്നും സാന്ദ്ര തോമസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനാണ് സാന്ദ്രക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടത്തിന് കേസെടുക്കാൻ ആവശ്യപ്പെട്ട് എറണാകുളം സബ് കോടതിയിൽ പരാതി നൽകിയത്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാരെ അടച്ചാക്ഷേപിച്ച് സംസാരിച്ചുവെന്നാണ് പരാതി. അതേസമയം, നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും സാന്ദ്രാ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
കേസിനെ നിയമപരമായി നേരിടും. വാര്‍ത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകള്‍ക്കപ്പുറം നിയമസംവിധാനങ്ങളിൽ നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും കിട്ടിയിട്ടില്ല. കിട്ടുന്ന മുറയ്ക്ക് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്രാ തോമസ് കുറിച്ചു.

