Asianet News MalayalamAsianet News Malayalam

'നിങ്ങള്‍ കാണിച്ച തന്‍റേടം, നട്ടെല്ലുള്ള ഒരാണിനും വിയോജിക്കാന്‍ പറ്റില്ല': ഭാഗ്യലക്ഷ്മിയ്ക്ക് പിന്തുണ

'ഒരു കർശന ശുദ്ധികരണം സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട സമയം എന്നേ കഴിഞ്ഞു. ഭാഗ്യലക്ഷ്മിയോട് ഒരു വാക്ക്.. സംഭവത്തിലെ എല്ലാ രീതിയോടും നിങ്ങളോട് യോജിപ്പുണ്ടെന്നു ഞാൻ പറയുന്നില്ല. എന്നാൽ നിങ്ങൾ കാണിച്ച ആ തന്‍റേടം. നട്ടെല്ലുള്ള ഒരാണിനും വിയോജിക്കാൻ പറ്റില്ല..'

alleppey ashraf supports bhagyalakshmi in vijay p nair incident
Author
Thiruvananthapuram, First Published Sep 27, 2020, 11:36 AM IST

സ്ത്രീകള്‍ക്കെതിരെ യുട്യൂബ് ചാനലിലൂടെ അശ്ലീല പരാമര്‍ശവും അധിക്ഷേപവും നടത്തിവന്ന വിജയ് പി നായര്‍ എന്നയാളെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‍മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അയാളുടെ താമസസ്ഥലത്തെത്തി ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യുകയും ചെയ്‍ത സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാവിഷയം. ആക്ടിവിസ്റ്റുകളായ ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലുമാണ് ഭാഗ്യലക്ഷ്മിക്കൊപ്പം ഉണ്ടായിരുന്നത്. പ്രതികരിച്ച സ്ത്രീകളെ ഒരു വിഭാഗം അനുകൂലിക്കുമ്പോള്‍ മറ്റൊരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നു. സ്ത്രീകളുടെ പ്രതികരണത്തിനൊപ്പം നില്‍ക്കുമ്പോഴും അശ്ലീല പരാമര്‍ശം നടത്തിയ ആളോട് പ്രതികരിച്ചവര്‍ സംസാരിച്ച ഭാഷ ശരിയായില്ലെന്ന് വിമര്‍ശിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷറഫ്. സംഭവത്തിലെ എല്ലാ രീതിയോടും യോജിപ്പില്ലെങ്കിലും ഭാഗ്യലക്ഷ്മി കാണിച്ചത് തന്‍റേടമാണെന്നും അതിനോട് തനിക്ക് യോജിപ്പുണ്ടെന്നും അഷറഫ് പറയുന്നു.

"യൂടൂബിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന ചാനലുകൾ, മതങ്ങളെ അക്ഷേപിക്കുന്ന ചാനലുകൾ അസഹനീയമായി വളർന്നു കഴിഞ്ഞിരിക്കുന്നു. ഇവിടെ നിയമം വെറും നോക്കുകുത്തി. ഒരു കർശന ശുദ്ധികരണം സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട സമയം എന്നേ കഴിഞ്ഞു. ഭാഗ്യലക്ഷ്മിയോട് ഒരു വാക്ക്.. സംഭവത്തിലെ എല്ലാ രീതിയോടും നിങ്ങളോട് യോജിപ്പുണ്ടെന്നു ഞാൻ പറയുന്നില്ല. എന്നാൽ നിങ്ങൾ കാണിച്ച ആ തന്‍റേടം. നട്ടെല്ലുള്ള ഒരാണിനും വിയോജിക്കാൻ പറ്റില്ല. അവന് അമ്മയും സഹോദരിയും ഭാര്യയും മകളും ഉണ്ടെങ്കിൽ. ഇവിടെ ഭാഗ്യലഷ്മിയുടെ സ്ഥാനത്ത്, നമ്മുടെ സ്വന്തം സഹോദരി ആണ് എന്ന് വിചാരിച്ചാൽ മതി. ഇതൊക്കെ തന്നെയാണ് ശരി എന്നും തോന്നും. അങ്ങിനെയാകുമ്പോൾ. 'സ്വന്തം സഹോദരിയോടെപ്പം' അതെ, ഭാഗ്യലഷ്മിമാരോടൊപ്പം നമുക്ക് അണിചേരാം", ആലപ്പി അഷറഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ശാന്തിവിള ദിനേശ് യുട്യൂബിലൂടെ തനിക്കെതിരെ നടത്തുന്ന വ്യക്തിഹത്യയെക്കുറിച്ചും ഇന്നലത്തെ പ്രതികരണങ്ങളില്‍ ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. രാമലീല എന്ന സിനിമ തീയേറ്ററില്‍ പോയി കാണില്ലെന്ന് ഭാഗ്യലക്ഷ്മി നിലപാടെടുത്തതിലുള്ള വിയോജിപ്പാണ് അവര്‍ക്കെതിരെ ശാന്തിവിള ദിനേശ് രംഗത്തെത്താനുള്ള അടിസ്ഥാന കാരണമെന്നും ആലപ്പി അഷറഫ് അഭിപ്രായപ്പെടുന്നു. "പരസ്പര ബഹുമാനമെന്നത് സംസ്കാരത്തിന്‍റെ ഭാഗമാണ്. അത് ശാന്തിവിള ദിനേശിനും എനിക്കും ഒരുപോലെ ബാധകമാണ്. ശാന്തിവിള ദിനേശ് അവരെപ്പറ്റി പറഞ്ഞതൊക്കെ ഒരിക്കലും ആർക്കും യോജിക്കാൻ പറ്റാത്ത ആരോപണങ്ങളാണ്. അദ്ദേഹത്തെ ചൊടിപ്പിച്ചത് രാമലീല എന്ന സിനിമ തിയേറ്ററിൽ പോയി കാണില്ല എന്ന് ഒരു ചാനലിൽ പറഞ്ഞതാണ്. ആ സിനിമയിൽ രാധികയ്ക്ക് ശബ്ദം നല്കിയതാണ് അവർ ചെയ്ത അപരാധം. അതവരുടെ തൊഴിലാണ്. രാധികയുടെ സ്ഥിരമായ ശബ്ദം അവവരുടെതുമാണ്. തിയേറ്ററിൽ പോയി പടം കാണുന്നത് അവരുടെ സ്വാതന്ത്ര്യവുമാണ്. അതുപോലെ തന്നെ അവരുടെ കുടുബജിവിതവും അവരുടെ സ്വകാര്യതയാണ്", ആലപ്പി അഷറഫ് കുറിച്ചു.

Follow Us:
Download App:
  • android
  • ios