പ്രഭാസ് ചിത്രം 'രാജാ സാബ്' സിനിമയുടെ ഗാന റിലീസിനിടെ നടി നിധി അഗർവാൾ ആൾക്കൂട്ടത്തിൽ കുടുങ്ങി. ഹൈദരാബാദിലെ ലുലു മാളിൽ നടന്ന ചടങ്ങിൽ നിയന്ത്രണാതീതമായ ജനക്കൂട്ടം നടിയെ വളഞ്ഞതോടെ ബൗൺസർമാർ ഇടപെട്ടാണ് രക്ഷിച്ചത്. 

ഹൈദരാബാദ്: പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം 'രാജാ സാബ്' എന്ന സിനിമയിലെ 'സഹാന സഹാന' എന്ന ഗാനത്തിന്‍റെ റിലീസ് ചടങ്ങിനിടെ നടി നിധി അഗർവാൾ ആൾക്കൂട്ടത്തിന് നടുവിൽ കുടുങ്ങി. ഹൈദരാബാദിലെ ലുലു മാളിൽ നടന്ന ചടങ്ങ് കഴിഞ്ഞ് മടങ്ങാൻ ശ്രമിക്കവെ നിയന്ത്രണാതീതമായ ആൾക്കൂട്ടം നടിയെ വളയുകയായിരുന്നു. ആരാധകരുടെ തള്ളിക്കയറ്റത്തിൽ നടിക്ക് തന്‍റെ വാഹനത്തിനടുത്തേക്ക് എത്താൻ പോലും കഴിയാത്ത സാഹചര്യമുണ്ടായി.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ നിധി അഗർവാൾ ആകെ പരിഭ്രാന്തയായത് വ്യക്തമാണ്. ഒടുവിൽ ബൗൺസർമാർ കഷ്ടപ്പെട്ടാണ് ജനക്കൂട്ടത്തിനിടയിൽ നിന്ന് നടിയെ രക്ഷിച്ച് കാറിൽ എത്തിച്ചത്. കാറിനുള്ളിൽ കയറിയ ഉടൻ ആശ്വാസത്തോടെ 'എന്‍റെ ദൈവമേ, എന്തായിരുന്നു അവിടെ നടന്നത്?' എന്ന് നടി ചോദിക്കുന്നതും വീഡിയോയിൽ കേൾക്കാം. സെലിബ്രിറ്റികളുടെ സുരക്ഷയെക്കുറിച്ചും ഇത്തരം ചടങ്ങുകളിലെ ക്രമീകരണങ്ങളെ കുറിച്ചും വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വിമർശനം

ഗായിക ചിന്മയി ശ്രീപദ സംഭവത്തെ അതിരൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. 'ഒരു കൂട്ടം പുരുഷന്മാർ ഹൈനകളേക്കാൾ മോശമായി പെരുമാറുന്നു. ആൾക്കൂട്ടത്തിനിടയിൽ ഒരു സ്ത്രീയെ ഉപദ്രവിക്കുന്ന ഇത്തരക്കാരെയൊക്കെ മറ്റൊരു ഗ്രഹത്തിലേക്ക് അയക്കാൻ ദൈവത്തിന് ' എന്ന് ചിന്മയി എക്സിലൂടെ ചോദിച്ചു. സിനിമയുടെ അണിയറ പ്രവർത്തകർക്ക് സുരക്ഷാ കാര്യത്തിൽ വലിയ വീഴ്ച പറ്റിയെന്ന് ആരാധകരും കുറ്റപ്പെടുത്തുന്നുണ്ട്. വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പ്രമോഷൻ നടത്തുമ്പോൾ ഇത്രയും ചെറിയ സ്ഥലത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ആവശ്യമായ സന്നാഹങ്ങൾ ഒരുക്കണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്.

മാരുതി സംവിധാനം ചെയ്യുന്ന 'രാജാ സാബ്' എന്ന ഹൊറർ കോമഡി ചിത്രത്തിൽ പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, മാളവിക മോഹനൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജനുവരി ഒമ്പതിനാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ഹൈദരാബാദിലെ സംഭവത്തെക്കുറിച്ച് നടിയോ ചിത്രത്തിന്‍റെ നിർമ്മാതാക്കളോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.