ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് പുഷ്‍പ

കുറച്ചുകാലം മുന്‍പുവരെ തമിഴ് ഒഴികെയുള്ള മറുഭാഷകളില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ആഗ്രഹമില്ലായ്‍മ വെളിപ്പെടുത്തിയിരുന്ന നടനായിരുന്നു ഫഹദ് ഫാസില്‍ (Fahadh Faasil). തമിഴില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്‍തിരുന്നെങ്കിലും തേടിയെത്തുന്ന മറുഭാഷാ പ്രോജക്റ്റുകള്‍ അദ്ദേഹം ഒഴിവാക്കിയിരുന്നു. അഭിനേതാവിന് ഭാഷാസ്വാധീനം പ്രധാനമാണെന്നും അതില്ലാതെ ഒരു സംസ്‍കാരത്തെയും കഥാപാത്രത്തെയുമൊക്കെ ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതിനാല്‍ത്തന്നെ ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിന്‍റെ പ്രഖ്യാപനം മലയാളി പ്രേക്ഷകരെ സംബന്ധിച്ചും കൗതുകമുണര്‍ത്തുന്ന ഒന്നായിരുന്നു. അല്ലു അര്‍ജുന്‍ (Allu Arjun) നായകനായെത്തുന്ന 'പുഷ്‍പ'യില്‍ (Pushpa) പ്രതിനായകനാണ് ഫഹദ്. ഡിസംബര് 17ന് തിയറ്ററുകളിലെത്താനൊരുങ്ങിയ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ അഭിമുഖങ്ങളില്‍ അല്ലുവിന് നേരിടേണ്ടിവന്ന ഒരു പ്രധാന ചോദ്യം ഫഹദിനെക്കുറിച്ചായിരുന്നു. എന്തുകൊണ്ടാണ് ഫഹദിനെ തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് ഇന്ത്യ ഗ്ലിറ്റ്സ് അഭിമുഖത്തില്‍ അല്ലു അര്‍ജുന്‍ ഇങ്ങനെ പറയുന്നു...

"ഫഹദ് എങ്ങനെയുണ്ടെന്ന് നിങ്ങള്‍ സ്ക്രീനില്‍ കണ്ടുതന്നെ അറിയണം. പുഷ്‍പയില്‍ ഫഹദ് അവതരിപ്പിച്ച കഥാപാത്രത്തിനായി എനിക്ക് വെറുമൊരു നടനെ പോരായിരുന്നു. നല്ല നടന്മാര്‍ ഒരുപാട് പേരുണ്ട്. മറിച്ച് താരം കൂടിയായ ഒരാളെയാണ് എനിക്ക് വേണ്ടിയിരുന്നത്. നായകനെ തടുക്കാന്‍ ആരുമില്ല എന്ന ഘട്ടത്തിലാണ് ഈ കഥാപാത്രത്തിന്‍റെ എന്‍ട്രി. നായകനെ താഴെയിറക്കാന്‍ ഒരാള്‍ വേണം. അതാണ് ആ കഥാപാത്രം. അതിനാല്‍ എനിക്ക് താരപരിവേഷമുള്ള ഒരു നടനെ വേണമായിരുന്നു. ഒരു നല്ല നടന്‍ മാത്രമല്ല. താരപരിവേഷമുള്ള നല്ല നടന്‍ വേണമായിരുന്നു. ഫഹദ് ഹീറോയാണ്. മലയാളത്തിലും തമിഴിലും പ്രേക്ഷകപ്രീതിയുള്ള ആളാണ്. എല്ലാവര്‍ക്കും വലിയ ഇഷ്‍ടമുള്ള നടനുമാണ്. വളരെ പാഷനേറ്റ് ആയിട്ടുള്ള, മികച്ച നടനാണ് അദ്ദേഹം. ഫഹദ് വന്നാല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. ഭാഗ്യത്തിന് ഈ കഥാപാത്രവും കഥയുമൊക്കെ അദ്ദേഹത്തിനും ഇഷ്‍ടമായി. സുകുമാര്‍ സാറിനെ വലിയ ബഹുമാനവുമാണ് ഫഹദിന്. അങ്ങനെ അദ്ദേഹം ഈ പ്രോജക്റ്റിലേക്ക് എത്തുകയായിരുന്നു. പുഷ്‍പയിലേക്ക് അദ്ദേഹത്തെ ലഭിച്ചു എന്നത് വളരെ ഗുണമായി", അല്ലു അര്‍ജുന്‍ പറയുന്നു.

സുകുമാര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുന്നത്. ആദ്യഭാഗമാണ് മറ്റന്നാള്‍ തിയറ്ററുകളില്‍ എത്തുക. രശ്‍മിക മന്ദാനയാണ് ചിത്രത്തിലെ നായിക. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് ക്യൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവിശ്രീ പ്രസാദ്. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ പതിപ്പുകളിലും പ്രദര്‍ശനത്തിനെത്തും.