2007 ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം

മറുഭാഷാ ചിത്രങ്ങള്‍ കളക്ഷന്‍ വാരുന്ന ഇപ്പോഴത്തെ ട്രെന്‍ഡിന് എത്രയോ കാലം മുന്‍പ് തന്നെ കേരളത്തില്‍ വലിയ ഫാന്‍ ബേസ് ഉള്ള താരമായിരുന്നു അല്ലു അര്‍ജുന്‍. രണ്ട് പതിറ്റാണ്ട് മുന്‍പ് നായകനായെത്തിയ തുടക്ക കാലത്തു തന്നെ അല്ലുവിന്‍റെ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ കാണികള്‍ ഉണ്ടായിരുന്നു. ആര്യയുടെയും ബണ്ണിയുടെയുമൊക്കെ മലയാളം ഡബ്ബ്ഡ് പതിപ്പുകള്‍ വിതരണക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ഇപ്പോഴിതാ പഴയ അല്ലുവിനെ വീണ്ടും ബിഗ് സ്ക്രീനില്‍ കാണാനുള്ള അവസരം വരികയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക്.

അല്ലുവിന്‍റെ കരിയറിലെ മികച്ച വിജയങ്ങളില്‍ ഒന്നായിരുന്ന ഹീറോ (ദേശമുഡുറു) യാണ് വീണ്ടും തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. അല്ലുവിന്‍റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ റിലീസിന് ഒരുങ്ങുന്നത്. അദ്ദേഹത്തിന് ഏറെ ആരാധകരുള്ള കേരളത്തിലും ചിത്രത്തിന് റിലീസ് ഉണ്ട്. ഏപ്രില്‍ 8 നാണ് അല്ലുവിന്‍റെ പിറന്നാള്‍. ആന്ധ്രയിലും തെലങ്കാനയിലും ഏപ്രില്‍ 6, കേരളത്തില്‍ ഏപ്രില്‍ 7, കര്‍ണാടകയിലും തമിഴ്നാട്ടിലും ഏപ്രില്‍ 8 എന്നിങ്ങനെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതികള്‍. 4 കെ ദൃശ്യമികവോടെയാണ് ചിത്രം എത്തുക. ഖാദര്‍ ഹസന്‍ ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണം.

റൊമാന്‍റിക് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും പുരി ജഗന്നാഥ് ആയിരുന്നു. ഒരു ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആണ് ചിത്രത്തില്‍ അല്ലു അവതരിപ്പിക്കുന്ന ബാല ഗോവിന്ദ് എന്ന നായക കഥാപാത്രം. ഹന്‍സിക മോട്‍വാനിയാണ് നായിക. ഒരു സന്യാസിനിയാണ് ഹന്‍സികയുടെ കഥാപാത്രം. ചിത്രീകരണത്തിനായി കുളു, മണാലിയിലേക്ക് പോകുന്ന ബാല ഗോവിന്ദ് ഹന്‍സികയുടെ കഥാപാത്രവുമായി പ്രണയത്തില്‍ ആവുകയാണ്. പ്രദീപ് റാവത്ത്, അലി, ചന്ദ്ര മോഹന്‍, ദേവന്‍, സുബ്ബരാജു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : ഇത് റെക്കോര്‍ഡ്! ഓവര്‍സീസ് റൈറ്റ്സില്‍ 'ലിയോ' നേടിയ തുക

Hero The Real Hero 4K | Allu Arjun | Puri Jagannadh | Khader Hassan