ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ജനതാ ഗാരേജി'ന്‍റെ സംവിധായകന്‍ കൊരട്ടല ശിവയുടെ പുതിയ ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകന്‍. #StyleAndSubstance എന്ന ഹാഷ് ടാഗിലൂടെ അല്ലു അര്‍ജുന്‍റേതായി പുതിയ പ്രഖ്യാപനം വരുന്നതായ പ്രചരണം ദിവസങ്ങള്‍ക്കു മുന്‍പ് ട്വിറ്ററില്‍ തുടങ്ങിയിരുന്നു. സുധാകര്‍ മക്കിനേനിയും ഗീത ആര്‍ട്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

ബിഗ് ബജറ്റില്‍ ബഹുഭാഷകളായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും, 2022 തുടക്കത്തിലാവും റിലീസ്. അതേസമയം നിലവില്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന, എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ചിരിക്കുന്ന പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കാനുമുണ്ട് അല്ലു അര്‍ജുനും കൊരട്ടല ശിവയ്ക്കും. 

സുകുമാര്‍ സംവിധാനം ചെയ്യുന്ന 'പുഷ്പ'യാണ് അല്ലു അര്‍ജ്ജുന് പൂര്‍ത്തിയാക്കാനുള്ള ചിത്രം. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രാഷ്‍മിക മന്ദാനയാണ് നായിക. അതേസമയം ചിരഞ്ജീവി നായകനാവുന്ന ആചാര്യയാണ് കൊരട്ടല ശിവയ്ക്ക് പൂര്‍ത്തിയാക്കാനുള്ള ചിത്രം. സോഷ്യോ പൊളിറ്റിക്കല്‍ എന്‍റര്‍ടെയ്നര്‍ ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ആണ് നായിക. ഇതിന്‍റെ ചിത്രീകരണം സെപ്റ്റംബറില്‍ പുനരാരംഭിക്കാനാവുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ.