അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍റെ അപ്‍കമിംഗ് ലൈനപ്പ് നോക്കാം

തെന്നിന്ത്യയില്‍ നേരത്തേ തന്നെ വലിയ സ്വീകാര്യത ഉണ്ടായിരുന്നെങ്കിലും ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് അല്ലു അര്‍ജുനെ പരിചയപ്പെടുത്തിക്കൊടുത്തത് പുഷ്പ എന്ന ചിത്രമാണ്. ഒറ്റ ചിത്രത്തിലൂടെ ഇന്ന് ഏത് താരത്തിന്‍റെയും സ്വപ്നമായ പാന്‍ ഇന്ത്യന്‍ സ്വീകാര്യതയിലേക്ക് അല്ലു നടന്നുകയറി. പുഷ്പ ഫ്രാഞ്ചൈസി നേടിയ സ്വപ്ന വിജയത്തിന് പിന്നാലെ അദ്ദേഹത്തെ മുന്‍നിര്‍ത്തി പ്ലാന്‍ ചെയ്യപ്പെടുന്ന പ്രോജക്റ്റുകളൊക്കെയും ഉയര്‍ന്ന ബജറ്റില്‍ ഉള്ളവയാണ്. അത്ര വലിയ ബോക്സ് ഓഫീസ് സാധ്യത മുന്നില്‍ കാണുന്നു എന്നതാണ് അതിന് കാരണം. വരാനിരിക്കുന്ന ലൈനപ്പില്‍ മലയാളികളുടെ പ്രിയ സംവിധായകന്‍ ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രം വരെയുണ്ട്. പുഷ്പ വലിയ രീതിയില്‍ ഉയര്‍ത്തിയ താരമൂല്യം എത്രയെന്നതിന് തെളിവാണ് അദ്ദേഹത്തിന്‍റെ അപ്കമിംഗ് ചിത്രങ്ങളുടെ ബജറ്റ്. മലയാളികളുടെ പ്രിയ താരം കൂടിയായ അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന്‍റെ അപ്കമിംഗ് ചിത്രങ്ങളിലേക്കും അവയുടെ ബജറ്റും എത്രയെന്ന് നോക്കാം. 

Add Asianetnews as a Preferred SourcegooglePreferred

ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അല്ലു അര്‍ജുന്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അല്ലുവിന്‍റെ കരിയറിലെ 22-ാം ചിത്രമാണ് ഇത്. ഷാരൂഖ് ഖാനെ നായകനാക്കി വന്‍ വിജയം നേടിയ ജവാന് ശേഷം ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിഎഫ്എക്സിന് വലിയ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ബജറ്റ് 700 കോടിയാണെന്ന് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍, രശ്മിക മന്ദാന, ജാന്‍വി കപൂര്‍, മൃണാള്‍ താക്കൂര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ആറ്റ്ലി ചിത്രത്തിന് ശേഷം അല്ലു അര്‍ജുന്‍ അഭിനയിക്കുക കോളിവുഡ‍ിലെ സെന്‍സേഷണല്‍ സംവിധായകനായ ലോകേഷ് കനകരാജിന്‍റെ ചിത്രത്തിലാണ്. കരിയറിലെ 23-ാം ചിത്രമാണ് ഇത്. ലോകേഷിന്‍റെ മറ്റ് ചിത്രങ്ങളെപ്പോലെതന്നെ ആക്ഷനും സ്റ്റൈലിനും പ്രാധാന്യമുള്ള ചിത്രത്തിന്‍റെ ബജറ്റ് 500 കോടിയാണ്.

View post on Instagram

ലോകേഷ് ചിത്രത്തിന് ശേഷം അല്ലു അഭിനയിക്കുക തെലുങ്കിലെ മുന്‍നിര സംവിധായകനായ ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്ന ചിത്രത്തിലാണ്. അല്ലുവിന്‍റെ കരിയറിലെ 24-ാം ചിത്രമായിരിക്കും ഇത്. മിത്തോളജിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ വിഎഫ്എക്സിനും വലിയ പ്രാധാന്യമുണ്ടാവും. അല്ലുവിന്‍റെ അപ്കമിംഗ് ലൈനപ്പില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റും ഈ ചിത്രത്തിനാണ്. 1000 കോടിയാണ് ബജറ്റ്. ഇതിന് ശേഷമാണ് മലയാളികള്‍ക്കും ഏറെ ആവേശം പകരുന്ന അല്ലു പ്രോജക്റ്റ് വരിക. മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ ബേസില്‍ ജോസഫ് ഒരുക്കുന്ന ചിത്രമാണ് ഇത്. മിന്നല്‍ മുരളി കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം ബേസില്‍ ഒരുക്കുന്ന ചിത്രം അല്ലുവിന്‍റെ കരിയറിലെ 25-ാം ചിത്രമാണ് എന്നതും കൗതുകം. ബേസില്‍ മറുഭാഷയില്‍ ആദ്യമായി ഒരുക്കുന്ന ചിത്രവുമായിരിക്കും ഇത്. ഗീത ആര്‍ട്സിന്‍റെ ബാനറില്‍ അല്ലു അര്‍ജുന്‍റെ പിതാവ് അല്ലു അരവിന്ദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ബജറ്റ് 300 കോടി ആയിരിക്കുമെന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിറന്നാളിനോടനുബന്ധിച്ച് ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ റിവീല്‍ ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് പേര് പ്രഖ്യാപിക്കുക.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News