കേരളത്തിൽ വലിയ വിജയമായിരുന്ന 'ഹാപ്പി' എന്ന ചിത്രം 20 വർഷത്തിന് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്

അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അര്‍ജുൻ. മലയാളികൾ സ്നേഹത്തോടെ അദ്ദേഹത്തെ മല്ലു അര്‍ജുൻ എന്ന് വിളിച്ചിട്ടുണ്ട്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾ എല്ലാം കേരളത്തിൽ വലിയ വിജയങ്ങൾ ആയിരുന്നു. ഇതിൽ അല്ലുവിൻ്റെ പ്രധാനപ്പെട്ട സിനിമയാണ് ഹാപ്പി. എ.കരുണാകരൻ ഒരുക്കിയ സിനിമ കേരളത്തിൽ അന്ന് 150 ദിവസത്തിന് മേൽ പ്രദർശിപ്പിച്ചിരുന്നു. ഇപ്പോഴിതാ 20 വർഷത്തിന് ശേഷം ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗീത ആർട്സിന്‍റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രം റീ റിലീസിന് എത്തിക്കുന്നത് രഥക് ആർട്‌സിൻ്റെ ബാനറിൽ ഖാദർ ഹസൻ ആണ്. എന്നാല്‍ ചിത്രം എന്ന് എത്തുമെന്ന് അറിവായിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചിരുന്ന ഏപ്രില്‍ 24 എന്ന തീയതി മാറ്റിയിരുന്നു. പുതിയ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിതരണക്കാര്‍ അറിയിച്ചിരിക്കുന്നത്. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ യുവാൻ ശങ്കർ രാജയുടെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. വാർത്താപ്രചരണം: പി. ശിവപ്രസാദ്