Asianet News MalayalamAsianet News Malayalam

'മലരിന് ഓര്‍മ തിരിച്ചു കിട്ടിയിരുന്നോ', ആറ് വര്‍ഷം കഴിഞ്ഞ് വെളിപ്പെടുത്തി അല്‍ഫോണ്‍സ് പുത്രൻ

പ്രേമത്തിലെ മലരിന് ഓര്‍മ തിരിച്ചുകിട്ടിയിരുന്നുവോയെന്ന ചോദ്യത്തിന് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രൻ.

Alphonse Puthren about Malar memory lose
Author
Kochi, First Published Jun 5, 2021, 12:59 PM IST

പ്രേമം എന്ന സിനിമ സൃഷ്‍ടിച്ച അലയൊലികള്‍ ഇന്നുമുണ്ട്. നിവിൻ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്‍ത ചിത്രം വൻ ഹിറ്റായിരുന്നു.  പ്രണയം തന്നെയായിരുന്നു സിനിമ. സിനിമ അവസാനിച്ചും അവശേഷിച്ചിരിക്കുന്ന ഒരു സംശയത്തിന് റിലീസിന് ആറ് വര്‍ഷം കഴിഞ്ഞ്  ഉത്തരം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ  അല്‍ഫോണ്‍സ് പുത്രൻ.

നിവിന്റെ കഥാപാത്രമായ ജോര്‍ജ്, സായ് പല്ലവിയുടെ കഥാപാത്രമായ മലരുമായി പ്രണയത്തിലായിരുന്നു. ജോര്‍ജിനെ ഏറെ തിരിച്ചും ഇഷ്‍ടപ്പെടുന്ന മലര്‍ മറ്റൊരാളുമായിട്ട് വിവാഹതയാകുന്നതായും സിനിമയില്‍ കാണിക്കുന്നുണ്ട്. വിവാഹിതയാകുന്ന വേളയില്‍ മലര്‍ ഏറെ സന്തോഷവതിയായും കാണപ്പെടുന്നു. ഒരു അപകടത്തില്‍ പെട്ട് മലരിന് ഓര്‍മ നഷ്‍ടപ്പെട്ടതായിട്ടാണ് സിനിമയില്‍ പറയുന്നത്. ജോര്‍ജ് മലരിന്റെ വിവാഹത്തിന് എത്തുന്നുമുണ്ട്. മലരിന് ഓര്‍മ തിരിച്ചുകിട്ടിയിരുന്നുവെന്നാണ് അല്‍ഫോണ്‍സ് പുത്രൻ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

മലരിന് ഓര്‍മ തിരിച്ചുകിട്ടിയിരുന്നോവെന്ന് സ്റ്റീവൻ മാത്യു എന്നയാളാണ് ചോദിച്ചത്. പ്രേമത്തിൽ, ജോർജിനോട് ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് മലർ ഒടുവിൽ പറയുന്നു. മൂന്നു തവണ സിനിമ കണ്ടതിനു ശേഷം ഞങ്ങൾ ആശയക്കുഴപ്പത്തിലാണ്. അവർക്ക് ശരിക്കും ഓർമ നഷ്‍ടപ്പെട്ടോ? അതോ മനഃപൂർവം അവനെ ഒഴിവാക്കാൻ അവൾ ആഗ്രഹിക്കുന്നുണ്ടോ? അതോ അടുത്തിടെ ഓർമ തിരികെ ലഭിച്ച അവൾ ജോർജ് വിവാഹിതനാകുന്നതിനാൽ ജോർജിനോട് അത് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലേ? ഉത്തരത്തിനായി എന്റെ സുഹൃത്തുമായി ഞാൻ 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ് എന്നായിരുന്നു സ്റ്റീവൻ പറഞ്ഞത്.

അവളുടെ ഓർമ നഷ്‍ടപ്പെട്ടു. ഓർമ തിരിച്ചു കിട്ടിയപ്പോൾ അവൾ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോൾ സെലിനുമൊത്ത് ജോർജ് സന്തോഷവാനാണെന്ന് അവൾക്ക് തോന്നിയിരിക്കും. കൈ കൊണ്ട് 'സൂപ്പർ' എന്ന് പറഞ്ഞതിൽ നിന്നും മലരിന് ഓർമ തിരിച്ചു കിട്ടിയെന്ന് ജോർജിനും മനസിലായി. എന്നാൽ ഇത് സംഭാഷണങ്ങളിൽ പറയുന്നില്ല. എന്നാൽ, ഇത് ആക്‌ഷൻസിലൂടെയും വയലിനു പകരം ഹാർമോണിയത്തിന്റെ സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള അവസാന ഉത്തരം ഇതാണ്, അടുത്തിടെ മലരിന് ഓർമ തിരികെ ലഭിച്ചുവെന്നായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ മറുപടി.

Follow Us:
Download App:
  • android
  • ios