'വാഴ 2' എന്ന ചിത്രത്തിന്‍റെ പൈറേറ്റഡ് പതിപ്പുകൾ പ്രചരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സംവിധായകൻ അൽഫോൻസ് പുത്രൻ

തിയറ്ററുകളില്‍ തരംഗം തീര്‍ത്ത് മുന്നേറുന്ന മലയാള ചിത്രം വാഴ 2 ന്‍റെ പൈറേറ്റഡ് പതിപ്പുകള്‍ പ്രചരിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. നവാഗതനായ സവിന്‍ സ സംവിധാനം ചെയ്തിരിക്കുന്ന വാഴ 2 ല്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് അല്‍ഫോന്‍സ്. സംവിധായകനും മറ്റ് ടീം അംഗങ്ങള്‍ക്കുമൊപ്പം വാഴ 2 തിയറ്ററില്‍ കണ്ടിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രേമം സംവിധായകന്‍. ചിത്രത്തിന്‍റെ പൈറസി ആരംഭിച്ചിട്ടുണ്ടെന്നും അത് ഒഴിവാക്കാനായി എല്ലാവരും സപ്പോര്‍ട്ട് ചെയ്യണമെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു.

“വാഴ 2 ന്‍റെ സിഡിയും റിപ്പും കുറേ സ്ഥലത്ത് ഇറങ്ങിയിട്ടുണ്ട്. എല്ലാവരും സപ്പോർട്ട് ചെയ്യണം. അത് ഷെയർ ചെയ്യാനല്ല. തിയറ്ററിൽ കാണാൻ സപ്പോർട്ട് ചെയ്യണം”, അല്‍ഫോന്‍സ് പറഞ്ഞു. തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച രംഗങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അല്‍ഫോന്‍സിന്‍റെ പ്രതികരണം ഇങ്ങനെ- “ഇൻസ്റ്റഗ്രാമിൽ സെർച്ച് ചെയ്ത് കണ്ടുപിടിക്കാൻ ഭയങ്കര പാടാണ്. ഡോട്ടുകളും അണ്ടർസ്കോറും ഒപ്പം പേര് മാറ്റി ചൈനീസിൽ ഒക്കെ ഇട്ടുകഴി‍ഞ്ഞാൽ ആർക്കും കണ്ടുപിടിക്കാൻ പറ്റില്ല. പേര് മാറ്റി തെറി വിളിക്കുന്നത് പോലെ. പേര് മാറ്റി അപ്‍ലോഡ് ചെയ്ത് അവർക്ക് പൈസ ഉണ്ടാക്കാൻ പറ്റുന്ന ഒരു പരിപാടി. അത്രയേ ഉള്ളൂ. അതിന് സിനിമയുമായിട്ടോ സിനിമക്കാരുമായിട്ടോ ഒരു ബന്ധവുമില്ല. അങ്ങനെ ഒരു ടീം ഉണ്ട്. മോഷ്ഠിച്ചേ തിന്നാൻ പറ്റൂവെങ്കിൽ അവർ അങ്ങനെ തിന്നട്ടെ”, അല്‍ഫോന്‍സ് രോഷം പ്രകടിപ്പിക്കുന്നു.

പ്രേമവുമായി താരതമ്യം ചെയ്തുള്ള ചോദ്യത്തിന് വാഴ 2 നെക്കുറിച്ച് അല്‍ഫോന്‍സിന്‍റെ വാക്കുകള്‍ ഇങ്ങനെ- “വാഴ 2 പ്രേമത്തേക്കാൾ അടിപൊളി ആയിട്ടുണ്ട്. പ്രേമത്തിൽ പ്രേമം മാത്രമായിരുന്നു. ഇതിനകത്ത് ബന്ധം. ഫാമിലി, അവർ തമ്മിലുള്ള പേഴ്സണൽ സമവാക്യങ്ങളും ഇമോഷൻസും ഒക്കെ പറഞ്ഞിട്ടുണ്ട്. പ്രേമം ഒരു ഒറ്റ വികാരത്തെ ആസ്പദമാക്കി ചെയ്തിട്ടുള്ള സിനിമയായിരുന്നു. അച്ഛൻ, അമ്മ, പെങ്ങൾ, ചേട്ടൻ, അനിയൻ, ബന്ധുക്കൾ ഇതൊന്നുമില്ല. പക്ഷേ അതും പ്രധാനമാണെന്ന് ഈ പടം കണ്ടുകഴിഞ്ഞപ്പോൾ എനിക്ക് ഭയങ്കരമായിട്ട് മനസിലായി. ഞാൻ ബോർഡിംഗിൽ വളർന്ന ഒരാളാണ്. എനിക്ക് ഈ സിനിമ ഭയങ്കര ടച്ചിംഗ് ആയിരുന്നു”, അല്‍ഫോന്‍സ് പുത്രന്‍ പറയുന്നു. അതേസമയം വാഴ 2 ന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ അഭിനയിക്കുന്ന ചിത്രം ആസിഫ് അലി നായകനാവുന്ന ടിക്കി ടാക്ക ആണ്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News