പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡാണ് ഇനി പുറത്തിറങ്ങാനുള്ള അല്‍ഫോണ്‍സ് പുത്രൻ ചിത്രം.

ഹ്രസ്വ ചിത്രങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമാ സംവിധായകരുടെ ഗണത്തിലേക്ക് ഉയര്‍ന്നയാളാണ് അൽഫോൺസ് പുത്രൻ (Alphonse Puthren). ഒരുപിടി മികച്ച ചിത്രങ്ങൾ ഇതിനോടകം മലയാളികൾക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ അൽഫോൺസ് പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

തനിക്ക് ഏറ്റവും പ്രിയപ്പെട്ട 50 ചിത്രങ്ങളാണ് അൽഫോൺസ് പങ്കുവച്ചിരിക്കുന്നത്. 2008 നു ശേഷമുള്ള ഒറ്റ ചിത്രം പോലും ലിസ്റ്റിലില്ല. ഗോഡ്ഫാദര്‍, നാടുവാഴികള്‍, രാജമാണിക്യം, കിലുക്കം, ചിത്രം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹരികൃഷ്ണന്‍സ്, മണിച്ചിത്രത്താഴ്, മൂക്കില്ലാരാജ്യത്ത്, ഒരു സി.ബി.ഐ ഡയറി കുറിപ്പ് എന്നീ ചിത്രങ്ങളാണ് ആദ്യ പത്തില്‍ ഉള്ളത്. 

പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡാണ് ഇനി പുറത്തിറങ്ങാനുള്ള അല്‍ഫോണ്‍സ് പുത്രൻ ചിത്രം. ‘പ്രേമം’ കഴിഞ്ഞുള്ള നീണ്ട ഇടവേളയ്ക്കുശേഷമാണ് അല്‍ഫോന്‍സ് പുത്രന്‍ ഗോള്‍ഡുമായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

ഫഹദ് ഫാസില്‍, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'പാട്ട്' എന്ന ചിത്രമാണ് ഇടവേളയ്ക്കുശേഷം ആദ്യം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും ആദ്യം ചിത്രീകരണം ആരംഭിച്ചത് ​ഗോൾഡാണ്. നയന്‍താരയെ കൂടാതെ 47 അഭിനേതാക്കള്‍ കൂടിയുണ്ട് ചിത്രത്തില്‍. 'നേര'ത്തിന്‍റെയൊക്കെ ഗണത്തില്‍ പെടുന്ന ഒരു ഫണ്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഗോള്‍ഡ്" എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.