ബിഗ് ബി സീക്വല്‍ ബിലാല്‍ ആയിരിക്കുമോ ഈ പ്രോജക്റ്റ് എന്ന ആകാംക്ഷയില്‍ ആരാധകര്‍

16 വര്‍ഷത്തിനിടെ രണ്ട് ചിത്രങ്ങള്‍ മാത്രം. എന്നിട്ടും മലയാളി സിനിമാപ്രേമികളില്‍ ഇത്രയധികം ആവേശം സൃഷ്ടിച്ച മറ്റൊരു കോമ്പിനേഷന്‍ ഇല്ല. അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അമല്‍ നീരദിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രവുമായിരുന്ന ബിഗ് ബിയും കഴിഞ്ഞ വര്‍ഷമെത്തിയ ഭീഷ്മ പര്‍വ്വവും മാത്രമാണ് ഈ കൂട്ടുകെട്ടില്‍ ഇതുവരെ പുറത്തെത്തിയത്. എന്നാല്‍ മമ്മൂട്ടി ആരാധകരെ സംബന്ധിച്ച് ഈ കോമ്പോയില്‍ ഇനി എത്ര ചിത്രം വരുന്നുവെന്ന് പറഞ്ഞാലും ആവേശത്തിന് അതിരുണ്ടാവില്ല. ഇപ്പോഴിതാ അത്തരത്തില്‍ സന്തോഷിക്കാനുള്ള വകുപ്പ് വൈകാതെ ഉണ്ടാവുമെന്നാണ് സൂചന. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം സംബന്ധിച്ച പ്രഖ്യാപനം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 7 ന് ഉണ്ടാവുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്.

മലയാള ചിത്രങ്ങളുടെ യുകെയിലെ വിതരണക്കാരായ ആര്‍എഫ്ടി ഫിലിംസ് എക്സില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിട്ടുണ്ട്. അമല്‍ നീരദിന്‍റെ അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പമാണെന്നും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ 7 ന് പ്രഖ്യാപനം ഉണ്ടാവുമെന്നും വലിയ ഒന്നാണ് വരാനിരിക്കുന്നതെന്നുമാണ് അവരുടെ പോസ്റ്റ്. മമ്മൂട്ടി ആരാധകര്‍ പല രീതിയിലാണ് ഈ പ്രചരണത്തെ സ്വീകരിച്ചിരിക്കുന്നത്. സിനിമാപ്രേമികളുടെ എക്കാലത്തെയും കാത്തിരിപ്പ് ആയ മമ്മൂട്ടി- ദുല്‍ഖര്‍ കോമ്പിനേഷന്‍ ഈ ചിത്രത്തിലൂടെ സംഭവിക്കുമോ എന്നാണ് അവരുടെ നോട്ടം. അമല്‍ നീരദ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച ബിഗ് ബി സീക്വല്‍ ബിലാല്‍ ആയിരിക്കുമോ ഈ പ്രോജക്റ്റ് എന്നതാണ് അറിയേണ്ടുന്ന പ്രധാന കാര്യം. നേരത്തെ പ്രഖ്യാപിച്ചിരുന്ന ബിലാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ മുന്നിലേക്ക് നീണ്ട പ്രോജക്റ്റ് ആണ്. 

Scroll to load tweet…
View post on Instagram

മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും നിര്‍മ്മാതാവുമായ ജോര്‍ജ് ഇന്‍സ്റ്റഗ്രാമില്‍ ഇന്ന് ഇട്ട പോസ്റ്റ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കാര്യമായി പങ്കുവെക്കുന്നുണ്ട്. ഭീഷ്മ പര്‍വ്വത്തിന്‍റെ ആദ്യം പുറത്തെത്തിയ സ്റ്റില്‍ ആണ് വിശദീകരണങ്ങളൊന്നുമില്ലാതെ ജോര്‍ജ് പങ്കുവച്ചിരിക്കുന്നത്. ഇത് പുതിയ അമല്‍- മമ്മൂട്ടി ചിത്രത്തിന്‍റെ സൂചനയായാണ് സിനിമാപ്രേമികളില്‍ വലിയൊരു വിഭാഗം എടുത്തിരിക്കുന്നത്. ഏതായാലും മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ALSO READ : ഏഷ്യയിലെ ബെസ്റ്റ് ആക്റ്റര്‍ ആവുമോ ടൊവിനോ? സെപ്റ്റിമിയസ് അവാര്‍ഡ്‍സ് നോമിനേഷനില്‍ ഇന്ത്യയില്‍ നിന്ന് മറ്റൊരാളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക