Asianet News MalayalamAsianet News Malayalam

'മൊബൈല്‍ ഫോണ്‍ നിരോധിച്ചു, സെറ്റില്‍ 15 പേര്‍ മാത്രം'; 'ആടൈ'യിലെ നഗ്നരംഗത്തിന്റെ ചിത്രീകരണാനുഭവം പറഞ്ഞ് അമല പോള്‍

'ഷൂട്ടിംഗ് ദിനത്തെക്കുറിച്ച് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കാരവാനിലിരുന്ന് ഞാന്‍ മാനേജര്‍ പ്രദീപിനെ വിളിച്ചു. സെറ്റില്‍ എത്ര പേരുണ്ട്, സുരക്ഷാ ജീവനക്കാരുണ്ടോ എന്നെല്ലാം അന്വേഷിച്ചു. ചെന്നപ്പോള്‍ ചിത്രീകരണസ്ഥലത്തിന് പുറത്തുതന്നെ ബൗണ്‍സേഴ്‌സ് ഒക്കെ ഉണ്ടായിരുന്നു.."

amala paul about filming the nude scene
Author
Chennai, First Published Jul 8, 2019, 9:18 PM IST

ടീസര്‍ പുറത്തെത്തിയത് മുതല്‍ സമീപകാലത്ത് ഒരു തമിഴ് ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള വാര്‍ത്താപ്രാധാന്യവും പ്രേക്ഷകശ്രദ്ധയും ലഭിച്ച സിനിമയാണ് അമല പോള്‍ നായികയാവുന്ന 'ആടൈ'. അമല അവതരിപ്പിക്കുന്ന കാമിനി എന്ന കഥാപാത്രം വിവസ്ത്രയായി എത്തുന്ന ഒരു രംഗമുണ്ട് ചിത്രത്തില്‍. ആ രംഗത്തിന്റെ ചില ഷോട്ടുകള്‍ ആദ്യം പുറത്തെത്തിയ ടീസറിലും ഉണ്ടായിരുന്നു. അതിനെ ചുറ്റിപ്പറ്റിയായിരുന്നു പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളെല്ലാം. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി വിട്ടുവീഴ്ചകളൊന്നും നടത്താത്ത അമലയുടെ നിലപാടിന് വലിയ അഭിനന്ദനമാണ് തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നും ഭൂരിഭാഗം പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്. എന്നാല്‍ ധൈര്യപൂര്‍വ്വമാണ് ആ രംഗത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചതെങ്കിലും ചിത്രീകരണദിനം അടുത്തപ്പോള്‍ താന്‍ സമ്മര്‍ദത്തിലായെന്ന് പറയുന്നു അമല. ഒപ്പം ചിത്രീകരണാനുഭവം പങ്കുവെക്കുകയും ചെയ്യുന്നു അവര്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയായിരുന്നു അമല പോളിന്റെ പ്രതികരണം. 

'ഷൂട്ടിംഗ് ദിനത്തെക്കുറിച്ച് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കാരവാനിലിരുന്ന് ഞാന്‍ മാനേജര്‍ പ്രദീപിനെ വിളിച്ചു. സെറ്റില്‍ എത്ര പേരുണ്ട്, സുരക്ഷാ ജീവനക്കാരുണ്ടോ എന്നെല്ലാം അന്വേഷിച്ചു. ചെന്നപ്പോള്‍ ചിത്രീകരണസ്ഥലത്തിന് പുറത്തുതന്നെ ബൗണ്‍സേഴ്‌സ് ഒക്കെ ഉണ്ടായിരുന്നു. സെറ്റിലെ മുഴുവന്‍ ആളുകളുടെയും ഫോണുകള്‍ അവര്‍ വാങ്ങിവെക്കുന്നുണ്ടായിരുന്നു. ചിത്രീകരണസംഘത്തെ 15 പേരിലേക്ക് ചുരുക്കിയിരുന്നു. ആദ്യ ഷോട്ട് എടുത്തതിന് ശേഷം ഞാന്‍ ആ ടീമിനോട് പറഞ്ഞു, പാഞ്ചാലിക്ക് അഞ്ച് ഭര്‍ത്താക്കന്മാരാണ് ഉണ്ടായിരുന്നത്. എനിക്കിപ്പോള്‍ 15 ഭര്‍ത്താക്കന്മാര്‍ ഉള്ളതായി തോന്നുന്നുവെന്ന്. അത്രമാത്രം വിശ്വാസമുള്ളിടത്തേ എനിക്ക് ആ രംഗങ്ങളില്‍ അഭിനയിക്കാന്‍ ആവുമായിരുന്നുള്ളൂ.'

സമീപകാലത്ത് അവതരിപ്പിച്ചതില്‍ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് ആടൈയിലെ കാമിനി എന്നും പറയുന്നു അവര്‍. 'ഒരുപാട് കമന്റുകളൊക്കെ കണ്ടു, ഈ സിനിമ ഓടിയില്ലെങ്കില്‍ എന്തുചെയ്യും, അധ്വാനം പാഴായിപ്പോവില്ലേ എന്നൊക്കെ. who cares എന്നാണ് എനിക്ക് പറയാനുള്ളത്. കാരണം ഓരോ സിനിമയ്ക്കും ഒരു വിധിയുണ്ട്.'

സിനിമാജീവിതം അവസാനിപ്പിക്കാനുള്ള ആലോചനയില്‍ നിന്ന സമയത്താണ് ഈ സിനിമയിലെ വേഷം തേടിയെത്തിയതെന്നും അമല പോള്‍ പറയുന്നു. 'കാരണം വരുന്ന കഥകളെല്ലാം ഒരേപോലെ ആയിരുന്നു. ദിവസവും രണ്ട് വണ്‍ലൈനുകളെങ്കിലും കേട്ടിരുന്നു. ആ കഥകളൊക്കെ കള്ളമായിരുന്നു. നായികാപ്രാധാന്യമുള്ള ലേബലില്‍ എത്തിയിരുന്ന കഥകളൊക്കെ ഒന്നുകില്‍ സ്ത്രീ ശാക്തീകരണത്തെപ്പറ്റി, അല്ലെങ്കില്‍ ബലാത്സംഗത്തിന്റെ ഇരയും അവളുടെ പ്രതികാരവും, അതുമല്ലെങ്കില്‍ ത്യാഗസന്നദ്ധയായ ഒരു അമ്മ..' ഈ കള്ളക്കഥകളിലൊന്നും അഭിനയിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സിനിമാജീവിതം അവസാനിപ്പിക്കാന്‍ സമയമായതായി തോന്നുന്നുവെന്ന് മാനേജര്‍ പ്രദീപനോട് പറഞ്ഞിരുന്നുവെന്നും അമല പോള്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios