ചെന്നൈ: മുൻകാല ബോളിവുഡ് നടി പർവീൺ ബാബിയാകാൻ തെന്നിന്ത്യൻ നടി അമലാ പോൾ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബോളിവുഡ് സംവിധായകൻ മഹേഷ് ഭട്ടിനൊപ്പമാണ് അമലാ പോൾ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് പുറത്തു വരുന്ന വാർത്തകൾ. പുതിയ പ്രൊജക്റ്റ് സൈൻ ചെയ്തെന്ന് അമല പോൾ വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 'ഞാന്‍ ബോളിവുഡില്‍ ഒരു പ്രൊജക്ട് സൈന്‍ ചെയ്തു. ഇതുവരെയുള്ളതില്‍ ഞാന്‍ ഏറ്റവും പ്രതീക്ഷയോടെ നോക്കികാണുന്ന ഒന്നാണ് അത്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും', അമല പറഞ്ഞു. സിനിമയാണോ വെബ് സിരീസാണോ കരാര്‍ ആയിരിക്കുന്നത് എന്ന് ഓദ്യോ​ഗികമായി വ്യക്തമാക്കിയിട്ടില്ല. മഹേഷ് ഭട്ട് പര്‍വീണ്‍ ബാബിയെക്കുറിച്ച് ഒരുക്കുന്ന വെബ് സിരീസിലൂടെയാണ് അമല ബോളിവുഡിലേക്കെത്തുന്നത് എന്നാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

ബോളിവുഡ് കണ്ട ഏറ്റവുംവലിയ ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായിരുന്നു പര്‍വീണ്‍ ബാബി. ഒന്നരദശകം നീണ്ട കരിയറില്‍ അമിതാബ് ബച്ചന്‍, ശശി കപൂര്‍, ജിതേന്ദ്ര, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ മുന്‍നിര നായകന്മാരുടെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചു. ദീവാര്‍, നമക് ഹലാല്‍, അമര്‍ അക്ബര്‍ ആന്റണി, ശാന്‍, മേരി ആവാസ് സുനോ, രംഗ് ബിരംഗി എന്നിവയാണ് പര്‍വീണിന്റെ പ്രധാനപ്പെട്ട സിനിമകള്‍. 2005 ജനുവരി 22ന് സ്വന്തം വസതിയില്‍ മരിച്ച നിലയില്‍  ഇവരെ  കാണപ്പെടുകയായിരുന്നു.