Asianet News MalayalamAsianet News Malayalam

റിലീസിന്‍റെ 17-ാം ദിവസം ഒടിടി റിലീസ്; 'മാസ്റ്റര്‍' സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ച് ആമസോണ്‍ പ്രൈം

ചിത്രത്തിന്‍റെ ഒടിടി റിലീസ് ആമസോണ്‍ പ്രൈം വഴി വൈകാതെ ഉണ്ടാവുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഏതാനും ദിവസങ്ങളായി പ്രചരണമുണ്ടായിരുന്നു

amazon prime announced master streaming on january 29
Author
Chennai, First Published Jan 27, 2021, 11:12 AM IST

പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തി കാണികളെ അവിടേക്ക് തിരികെയെത്തിച്ച വിജയ് ചിത്രം 'മാസ്റ്ററി'ന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈം ആണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 29ന് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കും. പ്രഖ്യാപനത്തോടനുബന്ധിച്ച് 2.46 മിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ ട്രെയ്‍ലറും പുറത്തുവിട്ടിട്ടുണ്ട്.

നേരത്തെ കൊവിഡ് പശ്ചാത്തലത്തില്‍  തിയറ്റര്‍ റിലീസ് അനിശ്ചിതമായി നീണ്ടുപോയപ്പോള്‍ ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെങ്കിലും തിയറ്റര്‍ റിലീസ് എന്ന കാര്യത്തില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണെന്ന് നിര്‍മ്മാതാവ് സേവ്യര്‍ ബ്രിട്ടോ പറഞ്ഞിരുന്നു. തിയറ്റര്‍ റിലീസിനോടായിരുന്നു വിജയ്‍ക്കും താല്‍പര്യം.

ചിത്രത്തിന്‍റെ ഒടിടി റിലീസ് ആമസോണ്‍ പ്രൈം വഴി വൈകാതെ ഉണ്ടാവുമെന്ന് സോഷ്യല്‍ മീഡിയയില്‍ ഏതാനും ദിവസങ്ങളായി പ്രചരണമുണ്ടായിരുന്നു. ചിത്രം തിയറ്ററില്‍ തുടരുമ്പോള്‍ത്തന്നെ ഒടിടിയില്‍ എത്തുന്നത് കളക്ഷനെ ബാധിക്കില്ലേയെന്ന ആശങ്ക അറിയിക്കുന്നവരും ഉണ്ടായിരുന്നു. ഇന്ത്യ കൂടാതെ 241 രാജ്യങ്ങളില്‍ ആമസോണ്‍ പ്രൈം ചിത്രം ലഭ്യമാക്കും. ആദ്യ 10 ദിവസങ്ങള്‍കൊണ്ട് ആഗോള ബോക്സ്ഓഫീസില്‍ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. കേരളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും റിലീസ് ചെയ്ത വിദേശ മാര്‍ക്കറ്റുകളിലും വിതരണക്കാര്‍ക്ക് മെച്ചമുണ്ടാക്കിയ ചിത്രം നഷ്ടമായത് ഉത്തരേന്ത്യന്‍ ബെല്‍റ്റിലാണ്. 'വിജയ് ദി മാസ്റ്റര്‍' എന്ന പേരിലെത്തിയ ഹിന്ദി പതിപ്പ് ഒരാഴ്ച കൊണ്ട് 5 കോടി മാത്രമാണ് നേടിയത്. 

Follow Us:
Download App:
  • android
  • ios