'സൂഫിയും സുജാത'യും എന്ന ചിത്രത്തിനു ശേഷമുള്ള ജയസൂര്യയുടെ ഡയറക്റ്റ് ഒടിടി റിലീസ് 

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്‍ത പുതിയ ചിത്രം 'സണ്ണി' ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനം ആരംഭിച്ചു. 'സൂഫിയും സുജാത'യും എന്ന ചിത്രത്തിനു ശേഷമുള്ള ജയസൂര്യയുടെ ഡയറക്റ്റ് ഒടിടി റിലീസ് ആണിത്. ജയസൂര്യയുടെ കരിയറിലെ നൂറാം ചിത്രവും രഞ്ജിത്ത് ശങ്കറിനൊപ്പമുള്ള ഏഴാമത്തെ ചിത്രവുമാണ് സണ്ണി.

കൊറോണ വൈറസ് ലോകത്തെ കീഴടക്കിയ സമയത്ത് ദുബൈയില്‍ നിന്ന് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് ചിത്രത്തിലെ നായകന്‍. മറ്റു മനുഷ്യരിൽ നിന്ന് അകന്ന്, ഒരു ഹോട്ടൽ മുറിയിൽ ക്വാറന്‍റീനിൽ കഴിയുന്ന അദ്ദേഹം തന്‍റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്നു. ഈ വൈകാരിക ശൂന്യത നികത്താൻ കഠിനമായി പരിശ്രമിക്കുമ്പോൾ, ചില അപരിചിതരുമായുള്ള ഇടപെടലുകളിലൂടെ പ്രതീക്ഷയുടെ അപ്രതീക്ഷിത തിളക്കം അയാളുടെ ജീവിതത്തിൽ തെളിയുന്നു. ഇതാണ് ചിത്രത്തിന്‍റെ പ്ലോട്ട്.

അഭിനേതാവ് ആയി ഒരാള്‍ മാത്രമാണ് സ്ക്രീനില്‍ എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്‍റെ ബാനറില്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം മധു നീലകണ്ഠന്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍-ഫൈനല്‍ മിക്സ് സിനോയ് ജോസഫ്. ഇന്ത്യയുള്‍പ്പെടെ 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും ചിത്രം കാണാനാവും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona