'കുമ്പളങ്ങി നൈറ്റ്സി'ലെ 'ബേബിമോളുടെ അമ്മ'യെ അവതരിപ്പിച്ച നടി എന്ന നിലയിലാവും സിനിമാപ്രേമികളില്‍ ഭൂരിപക്ഷത്തിനും അംബിക റാവുവിനെ പരിചയം. എന്നാല്‍ നടി എന്നതിനപ്പുറം സഹസംവിധായികയായും മലയാളസിനിമയില്‍ ദീര്‍ഘകാലത്തെ അനുഭവപരിചയമുള്ള ആളാണ് അവര്‍. 'അംബികേച്ചി'യെന്ന് സിനിമാപ്രവര്‍ത്തകര്‍ സ്നേഹത്തോടെ വിളിക്കുന്ന അംബിക റാവു ഈ കൊവിഡ് കാലത്ത് വലിയൊരു ജീവിതപ്രതിസന്ധിയെ നേരിടുകയാണ്. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു അവര്‍. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് നടത്തണം. ഇപ്പോഴിതാ തുണയായിരുന്ന അനുജന്‍ അജി പ്രസാദ് സ്ട്രോക്ക് വന്ന് ഐസിയുവില്‍ ചികിത്സയിലുമായിരിക്കുന്നു.

ഒന്നര വര്‍ഷത്തിലേറെയായി വൃക്കസംബന്ധമായ അനാരോഗ്യം നേരിടുന്നുണ്ട് അംബിക റാവു. സിനിമാരംഗത്തെ സംഘടനകളുടെയും സുഹൃത്തുക്കളുടെയും സഹായമുണ്ടായിരുന്നു ഈ കാലയളവില്‍. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തിനൊപ്പം സഹോദരന്‍ കിടപ്പിലായതും അംബിക റാവുവിനെ പ്രതിസന്ധിയില്‍ എത്തിച്ചിരിക്കുകയാണ്. തൃശൂരില്‍ നിന്നുള്ള സൗഹൃദ കൂട്ടായ്മയാണ് അംബികയുടെയും സഹോദരന്‍റെയും ചികിത്സയ്ക്ക് സഹായവുമായി ഇപ്പോള്‍ മുന്നിലുള്ളത്. "തബല-മൃദംഗം കലാകാരനായ അജി പ്രസാദ് ആണ് അംബിക റാവുവിന് സഹായത്തിനായി ഒപ്പമുണ്ടായിരുന്നത്. തൃശൂരിലെ സഹൃദയ സദസ്സുകളില്‍ അജിമാഷ് എന്നറിയപ്പെടുന്ന അജി പ്രസാദ് മുപ്പത് വര്‍ഷത്തോളമായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്. ജയചന്ദ്രന്‍റെയും കൃഷ്ണചന്ദ്രന്‍റെയുമൊക്കെ ഗാനമേളകളില്‍ തബല വായിച്ചിരുന്നയാള്‍. അജിയും കിടപ്പിലായതോടെ പ്രതിസന്ധിയെ നേരിടുകയാണ് അംബിക റാവു", കൂട്ടായ്മയില്‍ അംഗമായ സംവിധായകന്‍ അനൂപ് കണ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. അനൂപ് കണ്ണനു പുറമെ സംവിധായകന്‍ ലാല്‍ജോസ്, നടന്മാരായ സാദ്ദിഖ്, ഇര്‍ഷാദ് എന്നിവരും ഈ കൂട്ടായ്മയിലുണ്ട്. 

അക്കൗണ്ട് വിവരങ്ങള്‍

Ambika Rao

State Bank of India A/c- 10626756268

Poonkunnam Branch

Trissur

IFSC Code- SBIN0016080

Google Pay- +91 95445 61732