ഇതിഹാസ താരം, അമിതാഭ് ബച്ചനാണ് ഇത്തവണ ദാദാസാഹേബ് ഫാല്‍കെ അവാര്‍ഡ് നേടിയത്. ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്‍ക്കുള്ള ഏറ്റവും വലിയ പുരസ്‍കാരമാണ് ഇത്. ദേശീയ ചലച്ചിത്ര പുരസ്‍കാര ചടങ്ങില്‍ അമിതാഭ് ബച്ചൻ, അസുഖത്തെ തുടര്‍ന്ന് എത്തിയിരുന്നില്ല. അതിനാല്‍ കഴിഞ്ഞ ദിവസം പ്രത്യേക ചടങ്ങില്‍ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് അമിതാഭ് ബച്ചന് പുരസ്‍കാരം സമ്മാനിച്ചു. പുരസ്‍കാര നേടത്തില്‍ താൻ വലിയ അഭിമാനം കൊള്ളുന്നുവെന്നാണ് അമിതാഭ് ബച്ചൻ പ്രതികരിച്ചത്.

ദേശീയ ചലച്ചിത്ര പുരസ്‍കാര ജേതാക്കള്‍ക്ക് രാഷ്‍ട്രപതി ഭവനില്‍ പ്രത്യേക വിരുന്ന് സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങിലായിരുന്നു അമിതാഭ് ബച്ചന് പുരസ്‍കാരം സമ്മാനിച്ചത്. അംഗീകാരത്തിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ തൊഴിലിന് ലഭിച്ച അംഗീകാരത്തിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ രാജ്യത്തെയും എന്റെ വ്യവസായ വ്യവസായത്തെയും കരുതി ഞാൻ അഭിമാനിക്കുന്നു- അമിതാഭ് ബച്ചൻ പറയുന്നു. അംഗീകാരത്തിന് , മഹത്തായ രാജ്യമായ ഇന്ത്യയിലെ ജനങ്ങളോടുള്ള എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു- അമിതാഭ് ബച്ചൻ പറയുന്നു.