ഹിന്ദി ഇതിഹാസ താരം അമിതാഭ് ബച്ചൻ അടുത്തിടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രി വിട്ടതിനു ശേഷം അഞ്ച് കിലോയാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത് എന്ന് അമിതാഭ് ബച്ചൻ പറയുന്നത്. അമിതാഭ് ബച്ചൻ മൂന്ന് ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. പതിവ് പരിശോധനയ്‍ക്കാണ് ആശുപത്രിയില്‍ എത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ചുദിവസമായി എനിക്ക് തടി കുറയുന്നുവെന്ന് പറയുന്നു. ശരിയാണ്. ഏകദേശം അഞ്ച് കിലോയാണ് കുറഞ്ഞത്. എന്നെ സംബന്ധിച്ച് അതിശയകരമായ കാര്യമാണ് ഇത്. ഭക്ഷണക്രമവും നിയന്ത്രണവും ചിട്ടയായ കാര്യങ്ങളുമായിരിക്കും അതിലേക്ക് എത്തിച്ചത്. എന്നോടുള്ള കരുതലുള്ളവര്‍ക്കും എന്റെ ആരോഗ്യം സംബന്ധിച്ച് ശരിക്കും ആശങ്കയുമുണ്ടായിരുന്നവര്‍ക്ക് അത് സന്തോഷകരമാകും. എനിക്ക് കിട്ടിയ നിര്‍ദ്ദേശങ്ങള്‍ ഞാൻ ഗൌരവമായിത്തന്നെയാണ് എടുക്കുന്നത്. അവരെ ബഹുമാനത്തോടെ  തന്നെയാണ് കാണുന്നത്- അമിതാഭ് ബച്ചൻ പറയുന്നു. അമിതാഭ് ബച്ചന്റെ ആയുരാരോഗ്യത്തിന് നേരത്തെ പ്രാര്‍ഥനകളുമായി ആരാധകര്‍ രംഗത്ത് എത്തിയിരുന്നു. എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും കരുതലുകള്‍ക്കും നന്ദി രേഖപ്പെടുത്തി അമിതാഭ് ബച്ചനും രംഗത്ത് എത്തിയിരുന്നു. അതേസമയം ഒരാളുടെ ആരോഗ്യവിവരങ്ങള്‍ അയാളുടെ സ്വാകാര്യതയായി കണ്ട് മാനിക്കണമെന്നും അമിതാഭ് ബച്ചൻ പറഞ്ഞിരുന്നു

പ്രൊഫഷണല്‍ കാര്യങ്ങള്‍ സത്യസന്ധമായിരിക്കണം. അതിന്റെ നിയമാവലിയുടെ അതിര്‍ത്തികള്‍ കടക്കരുത്. ഒരാളുടെ ആരോഗ്യകാര്യങ്ങളും രോഗാവസ്ഥയും അയാളുടെ വ്യക്തിപരമായ കാര്യങ്ങളാണ്. അത് വാണിജ്യവത്ക്കരിക്കുന്നത് നിയമവിരുദ്ധമായ കാര്യമാണ്. അത്തരം കാര്യങ്ങളെ ബഹുമാനിക്കുകയും ആവശ്യമായ ധാരണ പുലര്‍ത്തുകയും ചെയ്യണം. ലോകത്ത് ഉള്ള എല്ലാം വില്‍ക്കാനുള്ളതല്ല. എല്ലാവരോടും എന്റെ സ്‍നേഹം. എല്ലാവരോടും നന്ദി. എല്ലാ കരുതലുകളും സ്വീകരിക്കുന്നു. എനിക്ക് വേണ്ടിയുള്ള പ്രാര്‍ഥനകള്‍ക്കും പരിഗണനയ്‍ക്കും നന്ദി- അമിതാഭ് ബച്ചൻ പറയുന്നു.

മുംബൈ നാനാവതി ആശുപത്രിയിലായിരുന്നു അമിതാഭ് ബച്ചനെ പ്രവേശിപ്പിച്ചിരുന്നത്.  

കുറച്ച് ദിവസം വിശ്രമം എടുക്കാൻ അമിതാഭ് ബച്ചനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.