13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ യഥാർത്ഥ തിരക്കഥാകൃത്ത് റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു
മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത കർമ്മയോദ്ധ എന്ന സിനിമയുടെ തിരക്കഥ അപഹരിച്ചതാണെന്ന് കോടതിയുടെ കണ്ടെത്തൽ. യഥാർത്ഥ തിരക്കഥാകൃത്ത് റെജി മാത്യു നൽകിയ പരാതിയിലാണ് കോട്ടയം കൊമേഴ്സ്യൽ കോടതിയുടെ വിധി. 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ തിരകഥ മേജർ രവി മോഷ്ടിച്ചതെന്നായിരുന്നു റെജി മാത്യുവിന്‍റെ പരാതി. മേജർ രവിയടക്കമുള്ളവർ റെജി മാത്യുവിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. 13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റെജി മാത്യുവിന് അനുകൂലമായ കോടതി ഉത്തരവ് കിട്ടിയത്.
വിധിയിൽ സന്തോഷമെന്നും വീണ്ടും സിനിമയിൽ സജീവമാകുമെന്നും റെജി മാത്യു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വർഷങ്ങൾ നീണ്ട നിയമപോരാട്ടമാണ് നടന്നത്. ഈ കാലയളവിൽ സിനിമയിൽ നിന്ന് പോലും മാറി നിൽക്കേണ്ടി വന്നുവെന്ന് റെജി മാത്യു പറയുന്നു. മേജർ രവി ആവശ്യപ്പെട്ട പ്രകാരമാണ് താന്‍ കഥ എഴുതിയതെന്നും പക്ഷേ താൻ അറിയാതെ തിരക്കഥ മറ്റൊരാൾക്ക് നൽകി സിനിമ ആക്കുകയായിരുന്നുവെന്നും റെജി മാത്യു പറയുന്നു. വീണ്ടും സിനിമയിൽ സജീവമാകാന്‍ ഒരുങ്ങുകയാണെന്നും റെജി മാത്യു അറിയിച്ചു.
2012 ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രമാണ് കര്‍മ്മയോദ്ധ. ചിത്രത്തിന്‍റെ ടൈറ്റിലില്‍ രചയിതാക്കളായി മേജര്‍ രവി, ഷാജി എസ് വി, സുമേഷ് വി റോബിന്‍ എന്നിവരുടെ പേരുകളാണ് ഉണ്ടായിരുന്നത്. റെഡ് റോസ് ക്രിയേഷന്‍സ്, എം ആര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ഹനീഫ് മുഹമ്മദും മേജര്‍ രവിയും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.



