ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്‍തിരുന്നു. എന്നാല്‍ ദാദാ സാഹേബ് ഫാല്‍കെ പുരസ്‍കാരം നേടിയ അമിതാഭ് ബച്ചന് ചടങ്ങിനെത്താനായിരുന്നില്ല. അസുഖബാധിതനായതിനെ തുടര്‍ന്നാണ് അമിതാഭ് ബച്ചൻ ചടങ്ങിന് എത്താതിരുന്നത്. 29ന് അമിതാഭ് ബച്ചന് അവാര്‍ഡ് സമ്മാനിക്കുമെന്ന് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്‍കര്‍ അറിയിച്ചു. ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ തന്നെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അവാര്‍ഡ് ജേതാക്കള്‍ക്ക്, 29ന് രാഷ്‍ട്രപതി രാം നാഥ് കോവിന്ദിന്റെ ചായസല്‍ക്കാരമുണ്ട്. രാഷ്‍ട്രപതി ഭവനില്‍ വെച്ചുള്ള ചടങ്ങിനിടെ അമിതാഭ് ബച്ചനും അവാര്‍ഡ് സമ്മാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അവാര്‍ഡ് ചടങ്ങിനെത്താൻ കഴിയാതിരുന്നതില്‍ നേരത്തെ അമിതാഭ് ബച്ചൻ നിരാശ അറിയിച്ചിരുന്നു. പനി ബാധിച്ചു, യാത്ര ചെയ്യാൻ അനുവാദമില്ല. ദില്ലിയില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങിന് എത്താനികില്ല. നിര്‍ഭാഗ്യം. ഖേദിക്കുന്നു- എന്നായിരുന്നു അമിതാഭ് ബച്ചൻ പറഞ്ഞിരുന്നത്.