ലോകകപ്പ് ആവേശത്തിലാണ് ആരാധകരെല്ലാം. പക്ഷേ രസംകൊല്ലിയായി മഴയും എത്തുന്നു. ഐസിസിക്ക് എതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ഉണ്ടാകുന്നുണ്ട്. മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വരുന്നതാണ് വിമര്‍ശനത്തിന് ഇടയാക്കുന്നത്. അതിനിടയിലാണ് ഒരു രസകരമായ കമന്റുമായി അമിതാഭ് ബച്ചൻ രംഗത്ത് എത്തിയിരിക്കുന്നത്.

നിരവധി പേരാണ് ഇംഗ്ലണ്ടില്‍ മഴ പെയ്‍തതിനെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കപ്പെടുന്നതില്‍ പ്രതികരണവുമായി രംഗത്ത് എത്തുന്നത്. റിസര്‍വേ ഡേ ഇല്ലാതെ മത്സരം സംഘടിപ്പിച്ചതിന് വിമര്‍ശനമുയരുന്നു. മഴ മൂലം മത്സരം ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിരാശയാണ് എല്ലാവര്‍ക്കും. അത്തരം പ്രതികരണങ്ങളോടുള്ള മറുപടിയായാണ് അമിതാഭ് ബച്ചന്റെ രസകരമായ കമന്റ്. ലോകകപ്പ് ഇന്ത്യയിലേക്ക് മാറ്റൂ.. ഞങ്ങള്‍ക്ക് മഴ വേണം എന്നാണ് അമിതാഭ് ബച്ചന്റെ കമന്റ്. അതേസമയം ചേഹ്റെയാണ് അമിതാഭ് ബച്ചൻ പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം.  ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഒരു മിസ്റ്ററി ത്രില്ലറായിരിക്കും. ഇമ്രാൻ ഹാ‍ഷ്‍മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഉടൻ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ തുടങ്ങും.