ജയാ ബച്ചന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് അമിതാഭ് ബച്ചൻ (Amitabh Bachchan).

അമിതാ ബച്ചന്റെയും ജയാ ബച്ചന്റെയും വിവാഹ വാര്‍ഷികമാണ് ഇന്ന്. സാമൂഹ്യമാധ്യമങ്ങളില്‍ വളരെ സജീവമായ താരമാണ് അമിതാഭ് ബച്ചൻ. അതുകൊണ്ടുതന്നെ ഒട്ടേറെ പേരാണ് ആശംസകളുമായി അമിതാഭ് ബച്ചന്റെ സാമൂഹ്യ മാധ്യമ പേജുകളില്‍ കമന്റു ചെയ്യുന്നത്. എല്ലാവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് അമിതാഭ് ബച്ചൻ (Amitabh Bachchan).

ഞങ്ങളുടെ വിവാഹ വാര്‍ഷികത്തില്‍ ആശംസയും സ്‍നേഹവും അറിയിച്ചവര്‍ക്ക് നന്ദി പറയേണ്ടതുണ്ട്. എല്ലാവര്‍ക്കും മറുപടിയയ്‍ക്കാനാകില്ല. ഇത് മറുപടിയായി കണക്കാക്കണം എന്ന് പറഞ്ഞ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം 'ബ്രഹ്‍മാസ്‍ത്ര'യാണ്.

'പ്രൊഫസര്‍ അരുണ്‍ ചതുര്‍വേദി' എന്ന കഥാപാത്രത്തെയാണ് ബ്രഹ്‍മാസ്‍ത്രയില്‍ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്. രണ്‍ബിര്‍ കപൂര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ആലിയ ഭട്ടാണ് നായിക. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്.

ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ധര്‍മ പ്രൊഡക്ഷൻസും ചേര്‍ന്നാണ് നിര്‍മാണം. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, വാള്‍ഡ് ഡിസ്‍നി സ്റ്റുഡിയോസ്, മോഷൻ പിക്ചേഴ്‍സ് എന്നിവരാണ് വിതരണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്.

അയൻ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് രണ്‍ബീര്‍ കപൂറിന്റെ 'ബ്രഹ്‍മാസ്‍ത്ര'. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തുക. നാഗാര്‍ജുനയും 'ബ്രഹ്‍മാസ്‍ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ റിലീസ് ചെയ്യുക.

Read More : കമല്‍ഹാസന്റെ 'വിക്രം' എങ്ങനെയുണ്ട്? ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍