നടി അൻസിബയ്ക്ക് 'അമ്മ' സംഘടന കാരണം കാണിക്കൽ നോട്ടീസ് നൽകി

സംഘടനയിലെ തര്‍ക്കവുമായി ബന്ധപ്പെട്ട് നടി അന്‍സിബയ്ക്കെതിരെ കടുത്ത നീക്കവുമായി അമ്മ. അന്‍സിബയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് സംഘടന. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി സംഘടനയെ തകര്‍ക്കാന്‍ അന്‍സിബ ശ്രമിച്ചുവെന്നാണ് നോട്ടീസില്‍. ഉടൻ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ മാസം 17-ാം തിയതിക്ക് മുൻപ് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അൻസിബിയുടെ പരസ്യ പ്രസ്താവന സംഘടനക്ക് കളങ്കം ഉണ്ടാക്കിയെന്നും പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നുവെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമ്മ സംഘടനയുടെ ഫെബ്രുവരി 14 ന് നടന്ന കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് ഉടലെടുത്ത ആഭ്യന്തര തര്‍ക്കമാണ് സംഘടനയുടെ മുന്നോട്ടുപോക്കിനെ തന്നെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഇപ്പോള്‍ വളര്‍ന്നിരിക്കുന്നത്. വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രമാണ് അമ്മയുടെ കുടുംബ സംഗമത്തിന്‍റെ സ്പോണ്‍സര്‍ ആയി എത്തിയത്. ഒരു മത സ്ഥാപനം അമ്മയുടെ പരിപാടിക്ക് സ്പോണ്‍സര്‍ ആവുന്നതിനെ എക്സ്ക്യൂട്ടീവ് കമ്മിറ്റിയില്‍ അന്‍സിബ ഹസന്‍ ഉള്‍പ്പെടെ പലരും എതിര്‍ത്തിരുന്നു. ദല്ലാള്‍ നന്ദകുമാര്‍ എന്നറിയപ്പെടുന്ന ടി ജി നന്ദകുമാര്‍ പ്രസിഡന്‍റായ ക്ഷേത്രമാണ് ഇത്. കുടുംബ സംഗമത്തിന് പിന്നാലെ അന്‍സിബ സംഘടനയിലെ ജോയിന്‍റ് സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലും ജോലി സംബന്ധമായ തിരക്കുകളാലുമാണ് അൻസിബ രാജി വച്ചതെന്നാണ് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തന്‍റെ രാജിക്ക് കാരണം ടിനി ടോം ആണെന്ന് അന്‍സിബ പിന്നീട് വ്യക്തമാക്കി. ടിനി ടോം തന്നെ മതവാദിയെന്ന് ആക്ഷേപിച്ചുവെന്ന് അന്‍സിബ ആരോപിച്ചിരുന്നു.

താന്‍ ആരോട് സംസാരിച്ചാലും അവരെ ചേര്‍ത്ത് ടിനി ടോം മോശം കഥകള്‍ സൃഷ്ടിക്കുമായിരുന്നെന്നും താന്‍ ആളുകളെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞു പരത്തിയെന്നും അന്‍സിബ പറഞ്ഞിരുന്നു. തൃപ്പൂണിത്തുറ എസ്ഐ രേഷ്മയ്ക്കും നടി ലക്ഷ്മിപ്രിയയ്ക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും അന്‍സിബ ഒരു പരാതിയും കൊടുത്തിരുന്നു. ഈ പരാതി പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി കൈമാറിയിട്ടുണ്ട്. അതേസമയം ടിനി ടോം തന്നോട് മാത്രമല്ല ഒരു സമൂഹത്തോടാണ് ദ്രോഹം ചെയ്തതെന്ന് അൻസിബ നേരത്തെ പ്രതികരിച്ചിരുന്നു. “കേരളം പോലെ സെക്കുലർ ആയ ഒരു സ്റ്റേറ്റിനോടാണ് തെറ്റ് ചെയ്തത്. ഒരാളോട് വ്യക്തിവിരോധം തീർക്കാൻ ഒന്നും കിട്ടാതിരിക്കുമ്പോൾ പേര് അൻസിബ ഹസൻ എന്നായതുകൊണ്ട് തെറ്റായ സന്ദേശം സമൂഹത്തിന് കൊടുക്കാനാണ് ശ്രമിച്ചത്. മലയാളികൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചെയ്ത തെറ്റിന് അദ്ദേഹം ശിക്ഷ അനുഭവിച്ചേ മതിയാകൂ”, ടിനിക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.

അതേസമയം തര്‍ക്ക വിഷയങ്ങള്‍ ഉണ്ടായപ്പോള്‍ ചര്‍ച്ചകള്‍ക്കായി ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും അന്‍സിബ സംഘടന മുന്‍പാകെ ഹാജരായില്ലെന്നതാണ് അമ്മ അച്ചടക്ക ലംഘനമായാണ് കാണുന്നത്. മാധ്യമങ്ങള്‍ക്ക് തര്‍ക്ക വിഷയങ്ങളില്‍ അഭിമുഖങ്ങള്‍ നല്‍കിയും അമ്മയുടെ പേര് മോശമാക്കിയെന്നും സംഘടന കരുതുന്നു. തുടര്‍ച്ചയായി സംഘടനയുടെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് അന്‍സിബ മുന്നോട്ട് പോകുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ നടിക്ക് കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | ഏഷ്യാനെറ്റ് ന്യൂസ്