സംഘടനയിൽ മാറ്റം ആവശ്യമാണെന്നും സ്ത്രീപക്ഷത്തുനിന്ന് കൂടി ചിന്തിക്കുന്ന സംഘടനയായി അമ്മ മാറണമെന്നും ഹണി റോസ് പറഞ്ഞു.
കൊച്ചി: സംഘടന തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഒരു വനിത വരണമെന്നാണ് ആഗ്രഹമെന്ന് നടി ഹണി റോസ്. സംഘടനയ്ക്ക് വനിതാ അധ്യക്ഷ വേണം. മാറ്റം ഉണ്ടാകണമെന്നും ഒരു വനിതാ അധ്യക്ഷ വരാൻ ഭയങ്കരമായി ആഗ്രഹിക്കുന്നുവെന്നും ഹണി റോസ് മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീ പക്ഷത്തുനിന്ന് ചിന്തിക്കുന്ന സംഘടന കൂടിയാകണം അമ്മ എന്ന് ഹണി റോസ് അഭിപ്രായപ്പെട്ടു. ശ്വേതാ മേനോന് എതിരായ കേസിന്റെ രാഷ്ട്രീയം അറിയില്ല. വാർത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും ഹണി റോസ് കൂട്ടിച്ചേർത്തു. താരസംഘടനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഹണി റോസിന്റെ പ്രതികരണം.
അതേസമയം, സിനിമാ നിർമാതാക്കളുടെ സംഘടനയിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിജയ് ബാബുവും സാന്ദ്ര തോമസും ഫേസ്ബുക്കിൽ പരസ്പരം ഏറ്റുമുട്ടി. അസോസിയേഷൻ തെരഞ്ഞെടുപ്പിലെ തന്റെ പത്രികകൾ തള്ളിയതിനെതിരെ സാന്ദ്ര തോമസ് സമർപ്പിച്ച ഹർജി കോടതി തള്ളിയതിന് പിന്നാലെ സാന്ദ്ര ക്കെതിരെ വിജയ് ബാബു ഫേസ്ബുക്കിൽ എഴുതിയിരുന്നു. സൂക്ഷ്മത പുലർത്തിയാൽ ഇനിയും സമൂഹത്തിനു മുന്നിൽ അപഹാസ്യരാവാതിരിക്കാമെന്ന് സാന്ദ്ര ഓർക്കണം എന്നായിരുന്നു വിജയ് ബാബുവിന്റെ പരിഹാസം. ഇതിനൊപ്പം ഒരു കുറുക്കന്റെ ചിത്രവും ചേർത്തിരുന്നു.
വിജയ് ബാബുവിന് പട്ടിയെ വിശ്വസിക്കാം പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലാണ് തനിക്ക് പേടി എന്നായിരുന്നു സാന്ദ്രയുടെ മറുപടി. സാന്ദ്രയുടെ പട്ടി ഷോയ്ക്ക് മറുപടി നൽകാൻ ഇനി സമയമില്ലെന്ന് വിജയ് ബാബുവും തിരിച്ചടിച്ചു.
