കൊച്ചി: ഡബ്ല്യുസിസി കടുത്ത എതിർപ്പുയർത്തിയ സാഹചര്യത്തിൽ താരസംഘടനയായ അമ്മയുടെ ഭരണഘടനാ ഭേദഗതി തൽക്കാലത്തേക്ക് മരവിപ്പിച്ചു. കരട് ഭേദഗതിയിൽ ചർച്ച ആവശ്യമുണ്ടെന്ന് കണ്ടതിനാലാണ് തൽക്കാലം ഭേദഗതി മരവിപ്പിക്കുന്നതെന്ന് 'അമ്മ' പ്രസിഡന്‍റ് മോഹൻലാൽ വ്യക്തമാക്കി. അതേസമയം, കരട് ഭേദഗതി കൊണ്ടുവന്ന 'അമ്മ' എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾ ആഞ്ഞടിച്ചു. എക്സിക്യൂട്ടീവിന്‍റെ തീരുമാനം ചോദ്യം ചെയ്തവരെയൊക്കെ പുറത്താക്കുകയാണെന്നും കരട് ഭേദഗതി ജനാധിപത്യ വിരുദ്ധവും യുക്തി രഹിതവുമാണെന്നും ഡബ്ല്യുസിസി ആരോപിച്ചു. 

ഭരണഘടനാ ഭേദഗതികളെക്കുറിച്ച് വിശദമായ ചർച്ച നടത്തിയെന്ന് യോഗശേഷം 'അമ്മ' പ്രസിഡന്‍റ് മോഹൻലാൽ വ്യക്തമാക്കി. ചർച്ചകൾ ഇന്ന് അവസാനിക്കാതിരുന്നതിനാലാണ് തൽക്കാലം ജനറൽ ബോഡി അവസാനിപ്പിച്ചത്. ഭരണഘടനാ ഭേദഗതിയെക്കുറിച്ച് വിശദമായ അഭിപ്രായങ്ങൾ ആർക്കും എഴുതി നൽകാം. അതെല്ലാം പരിഗണിക്കാനും ചർച്ച ചെയ്യാനും വേറെ ജനറൽ ബോഡി വിളിക്കും. അത് ഇനി അടുത്ത വർഷം മതിയോ അതോ പ്രത്യേക ജനറൽ ബോഡി വിളിക്കണോ എന്ന കാര്യം എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്നും ഭാരവാഹികളിലൊരാളായ ഗണേഷ് കുമാർ വ്യക്തമാക്കി. 

രാജി വച്ചവർക്ക് അപേക്ഷ തന്നാൽ മാത്രം തിരിച്ചു വരാം

രാജി വച്ച അംഗങ്ങൾക്ക് 'അമ്മ'യ്ക്ക് അപേക്ഷ എഴുതിത്തന്നാൽ മാത്രം തിരിച്ചുവരാമെന്നാണ് സംഘടനയുടെ നിലപാട്. എന്നാൽ അപേക്ഷ നൽകിയാൽ അംഗങ്ങൾക്ക് അംഗത്വ ഫീസില്ലാതെത്തന്നെ തിരികെ വരാൻ കഴിയണമെന്ന് മമ്മൂട്ടി യോഗത്തിൽ ആവശ്യപ്പെട്ടു. ഇത് അംഗങ്ങൾ കയ്യടിച്ച് അംഗീകരിക്കുകയും ചെയ്തു. ഇതിൽ അന്തിമ തീരുമാനം ഇനി എക്സിക്യൂട്ടീവാകും കൈക്കൊള്ളുക. 

രാജി വച്ച അംഗങ്ങൾക്ക് തിരികെ വരാൻ നടപടിക്രമങ്ങളുണ്ടെന്നും എന്നാൽ അവർ അപേക്ഷ നൽകിയാൽ അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും മോഹൻലാൽ പറഞ്ഞു. നടൻ ബാബുരാജിനെ ക്രിമിനൽ കേസിൽ പെട്ടപ്പോൾ പണ്ട് 'അമ്മ' പുറത്താക്കിയതാണ്. പിന്നീട് ബാബുരാജ് തിരിച്ചുവരണമെന്ന് അപേക്ഷ നൽകിയപ്പോൾ 'അമ്മ' അംഗത്വഫീസില്ലാതെ തിരിച്ചെടുത്തു. അതേപോലെ രാജി വച്ച റിമാ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ഭാവന, രമ്യാ നമ്പീശൻ എന്നിവരുടെ കാര്യവും പരിഗണിക്കാമെന്നും ഭാരവാഹിയായ ഗണേഷ് വ്യക്തമാക്കി. 

തിലകനെ 'അമ്മ'യുടെ അംഗമായിത്തന്നെ പ്രഖ്യാപിക്കണമെന്ന് യോഗത്തിനിടെ ഷമ്മി തിലകൻ ആവശ്യപ്പെട്ടു. തിലകൻ എന്നും 'അമ്മ'യുടെ അംഗമായിരിക്കുമെന്നും 'അമ്മ' ഒരിക്കലും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും യോഗത്തിൽ വ്യക്തമാക്കിയതായും ഇടവേള ബാബു അറിയിച്ചു. 

ഡബ്ല്യുസിസിയുടെ എതിർപ്പുകൾ

വനിതാ പ്രാതിനിധ്യം കൂട്ടാനെന്ന പേരിൽ 'അമ്മ' കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കെതിരെ നേരത്തേ വിമർശനങ്ങളുയർന്നിരുന്നതാണ്. ഇതിനോടുള്ള എതിർപ്പുകൾ ഇന്ന് ഡബ്ല്യുസിസി യോഗത്തിൽ രേഖാമൂലം തന്നെ നൽകി. കണ്ണിൽ പൊടിയിടാനുള്ള ഭേദഗതികളാണ് 'അമ്മ' എക്സിക്യൂട്ടീവ് കൊണ്ടുവന്നിരിക്കുന്നതെന്ന്, കൃത്യമായി അക്കമിട്ട് നിരത്തിയാണ് ഡബ്ല്യുസിസി പറയുന്നത്. ഡബ്ല്യുസിസി ഉയർത്തുന്ന പ്രധാന എതിർപ്പുകൾ ഇവയാണ്:

കരട് തയ്യാറാക്കിയത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആഗ്രഹവും താൽപര്യം മാത്രം അനുസരിച്ചാണെന്ന് രേഖാമൂലം നൽകിയ മറുപടിയിൽ ഡബ്ല്യുസിസി അംഗങ്ങൾ പറയുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതോടെയാണ് ഇത്തരമൊരു ഭേദഗതി കൊണ്ടുവരാനുള്ള ചർച്ചകൾക്ക് താരസംഘടന തുടക്കമിട്ടത്. സ്വന്തം സഹപ്രവർത്തക ഇങ്ങനെ ആക്രമിക്കപ്പെട്ടിട്ടും, ഇത്തരം അനിഷ്ടസംഭവങ്ങൾ  ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ കരട് ഭേദഗതിയിൽ ഇല്ലെന്ന് ഡബ്ല്യുസിസി ആരോപിക്കുന്നു. കരട് നിർദേശങ്ങൾ ചിലത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. ഉപസമിതികളിൽ ഒന്നിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ല. ഈ രൂപത്തിൽ കരട് ഭേദഗതി നടപ്പാക്കാനാവില്ല. തൊഴിൽ സുരക്ഷ ഉറപ്പാക്കും വിധം ഭേദഗതി പുനർനിർമ്മിക്കണം. അതിനായി ജനറൽ ബോഡിയിൽ ചർച്ച വേണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെടുന്നു.

'അമ്മ'യുടെ നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളായിരുന്നു വാർഷിക പൊതുയോഗത്തിന്‍റെ പ്രധാന അജണ്ട. സംഘടനയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനം അടക്കം കുറഞ്ഞത് അഞ്ച് സ്ഥാനങ്ങൾ വനിതകൾക്കായി നീക്കി വെക്കുന്നതാണ് ഇന്ന് യോഗം പാസ്സാക്കിയ പ്രധാന ഭേദഗതി.

സംഘടനയിൽ നിന്നും രാജി വെച്ചു പോയ അംഗങ്ങളെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും സംഘടനയിൽ അംഗത്വമുള്ള താരങ്ങൾ ക്രിമിനൽ കേസുകളിൽ പ്രതിയായാൽ സ്വീകരിക്കേണ്ട നടപടികളും പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രാജി വച്ചു പോയവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ഉപാധികളിലടക്കം ഡബ്ല്യുസിസി അംഗങ്ങൾ കൂടിയായ പാർവതി, രേവതി എന്നിവർ ശക്തമായ എതിർ‍പ്പ് രേഖപ്പെടുത്തി.

അംഗങ്ങളെ തിരികെ എടുക്കണമെങ്കിൽ അവർ കത്ത് നൽകണം എന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴും സംഘടന. 'അമ്മ'യ്ക്ക് എതിരായി നിലപാട് എടുക്കുന്നവരെ സംഘടനയിൽ നിന്ന് പുറത്താക്കും എന്ന തരത്തിലുള്ള നിയമങ്ങളോടും കടുത്ത വിയോജിപ്പാണ് വിമൻ ഇൻ സിനിമ കളക്ടീവിനുള്ളത്.

'അമ്മ' എക്സിക്യൂട്ടീവിനെതിരെ രൂക്ഷ വിമർശനം

'അമ്മ' എക്സിക്യൂട്ടീവിനെതിരെയും ഡബ്ല്യുസിസി ശക്തമായ എതിർപ്പാണുന്നയിക്കുന്നത്. അംഗങ്ങളുടെ താത്പര്യം സംരക്ഷിക്കേണ്ട 'അമ്മ' അതിനെതിരായി പ്രവർത്തിക്കുകയാണ്. ഏകപക്ഷീയമായി അമിത അധികാരത്തോടെയാണ് സംഘടനയുടെ എക്സിക്യൂട്ടീവ് നിലകൊള്ളുന്നത്. അടിസ്ഥാനപരമായ ജനാധിപത്യം സംഘടനയ്ക്കുള്ളിലില്ല. ഇത് യുക്തിരഹിതമാണെന്നും ഡബ്ല്യുസിസി ആരോപിക്കുന്നു. പുതിയ കരട് ഭേദഗതി കൊണ്ടുവരുന്നതിനായി കൃത്യമായ ചർച്ചകളുണ്ടാകുമെന്ന് നേരത്തേ തീരുമാനമുണ്ടായിരുന്നതാണ്. ജനറൽ ബോഡിയിലെ ഈ തീരുമാനങ്ങൾ അവഗണിക്കപ്പെട്ടു. ഭേദഗതിയിൽ കൃത്യമായ ചർച്ചകളുണ്ടായില്ല എന്നും ഡബ്ല്യുസിസി അംഗങ്ങൾ വിമർശിക്കുന്നു. 

തുടർന്ന് യോഗം അവസാനിക്കും മുൻപ് തന്നെ ഡബ്ല്യുസിസി അംഗം കൂടിയായ നടി രേവതി യോഗ ഹാൾ വിട്ടു. നടി പാർവതിയും ഒപ്പം ഇറങ്ങി. രേവതിയ്ക്ക് മടങ്ങിപ്പോകാനുള്ള ഫ്ലൈറ്റ് സമയമായതിനാലാണ് ഇറങ്ങിയതെന്ന് തിരിച്ചെത്തിയ പാർവതി മാധ്യമങ്ങളോട് പറഞ്ഞു. 

ഡബ്ല്യുസിസിയുടെ സമ്മർദ്ദം കൊണ്ടുതന്നെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവും പദവികളും നൽകിക്കൊണ്ട്, 'അമ്മ'യുടെ സംഘടനാ തലത്തിൽ വൻ മാറ്റങ്ങൾ വരുത്താൻ ഭാരവാഹികൾ തീരുമാനിച്ചത്. നിർവാഹക സമിതിയിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തുക, ഉപാധ്യക്ഷ പദവിയിൽ സ്ത്രീ വരണം എന്നീ നിർദേശങ്ങളും കരട് ഭേദഗതിയിലുണ്ട്. 

എന്നാൽ ഈ വർഷത്തെ വാർഷിക ജനറൽ ബോ‍ഡിയിൽ തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് നേരത്തേ വ്യക്തമായിരുന്നതാണ്. ഇപ്പോഴത്തെ ഭാരവാഹികൾക്ക് ഒരു വർഷം കൂടി കാലാവധി ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ ഉടനെ പ്രധാനപദവികളിൽ കൂടുതൽ സ്ത്രീകൾ വരാനും സാധ്യതയില്ല. 

യോഗത്തിൽ 'അമ്മ'യുടെ വക്താവായി മോഹൻലാലിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇനി മാധ്യമങ്ങളോട് 'അമ്മ'യ്ക്ക് വേണ്ടി സംസാരിക്കുക മോഹൻലാലായിരിക്കും.