സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ അവൾക്കൊപ്പം എന്ന നിലപാട് പറയാതെ താരസംഘടന അമ്മ. സംവിധായകൻ്റെ പേരോ അവൾക്കൊപ്പം നിൽക്കുന്നുവെന്നോ പുറത്തിറക്കിയ കുറിപ്പിലില്ല.

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ അവൾക്കൊപ്പം എന്ന നിലപാട് പറയാതെ താരസംഘടന അമ്മ. രഞ്ജിത്തിൻ്റെ പേര് പറയാതെ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്ന് മാത്രമാണ് അമ്മയുടെ പ്രതികരണം. സംവിധായകനെതിരെ യുവനടി കൊടുത്ത പരാതി കോടതിയുടെ പരി​ഗണനയിലിരിക്കുന്നതിനാൽ നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നുവെന്നും വിശ്വസിക്കുന്നുവെന്നുമാണ് പ്രതികരണത്തിലുള്ളത്. എന്നാൽ സംവിധായകൻ്റെ പേരോ അവൾക്കൊപ്പം നിൽക്കുന്നുവെന്നോ പുറത്തിറക്കിയ കുറിപ്പിലില്ല. കഴിഞ്ഞ ദിവസമാണ് യുവനടിയുടെ പരാതിയിൽ രഞ്ജിത്ത് അറസ്റ്റിലാവുന്നത്. സിനിമാ സെറ്റിൽ വെച്ച് രഞ്ജിത്ത് യുവനടിയെ ലൈം​ഗികമായി ആക്രമിച്ചെന്നാണ് പരാതി. 

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്‍റെ വക്കാലത്ത് ഏറ്റെടുത്തത് വിവാദമായതോടെ നിലപാട് തിരുത്തി സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗം കൂടിയായ അഭിഭാഷകൻ. രഞ്ജിത്തിന്‍റെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് അറിയിച്ചു. യുവനടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐ സി സി അംഗമായിരുന്നു സിയാദ്. ഐ സി സി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലാത്തതിനാലാണ് പിന്മാറ്റമെന്ന് സിയാദ് വ്യക്തമാക്കി. ഐ സി സിക്ക് മുന്നിൽ നടിയുടെ പരാതി വന്നിരുന്നില്ലെന്നും സിയാദ് ആവർത്തിച്ചു. യുവനടിയുടെ പരാതിയിൽ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ ഐ സി സി അംഗത്വം രാജിവച്ചാണ് സിയാദ് വക്കാലത്ത് ഏറ്റെടുത്തത്. രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുക്കും മുമ്പ് ഐ സി സി അംഗത്വം രാജിവെച്ചിട്ടും വിവാദങ്ങളിലേക്ക് അനാവശ്യമായി തന്‍റെ പേര് വലിച്ചിഴച്ചെന്ന് സിയാദ് വിവരിച്ചു. അതിനാലാണ് രഞ്ജിത്തിന്റെ അഭിഭാഷകനായി തുടരാൻ താത്പര്യമില്ലെന്ന് തീരുമാനിച്ചതെന്നും സിയാദ് കൂട്ടിച്ചേർത്തു. വക്കാലത്ത് ഏറ്റെടുത്ത് ഇന്നലെ കോടതിയിലെത്തി 24 മണിക്കൂറിനകമാണ് അഭിഭാഷകൻ നിലപാട് തിരുത്തിയത്. സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ അംഗമായിരുന്ന വ്യക്തി തന്നെ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

രഞ്ജിത്ത് ജയിലിൽ തുടരും

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ റിമാൻഡിലായ രഞ്ജിത്ത് എറണാകുളം സബ് ജയിലില്‍ തുടരും. ശനിയാഴ്ച രഞ്ജിത്തിനെ നേരിട്ട് കോടതിയില്‍ ഹാജരാക്കും. പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ ശനിയാഴ്ച പരിഗണിക്കും. തുടര്‍ന്ന് ജാമ്യാപേക്ഷയും പരിഗണിക്കും. എല്ലാം തെളിയും എന്നായിരുന്നു സബ് ജയിലിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒളിയിടത്തിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴ മുട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം രാത്രി പിടികൂടിയ രഞ്ജിത്ത്, അന്ന് രാത്രി മുഴുവൻ കഴിഞ്ഞത് എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രഞ്ജിത്ത് ഗുളിക കഴിക്കുന്ന കാര്യത്തിലടക്കം ഡോക്‌ടർമാരുടെ നിർദ്ദേശങ്ങൾ അവഗണിച്ചിരുന്നു. ശേഷം ഇന്നലെ രാവിലെ ഏഴ് മണിയോടെ പൊലീസ് രഞ്ജിത്തിനെ കൊച്ചി മരടിൽ മജിസ്ട്രേറ്റിൻ്റെ വീട്ടിലെത്തിച്ചതിന് പിന്നാലെയാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്. തുടർന്ന് സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു. 

YouTube video player